Thu. Apr 25th, 2024

തിരുവനന്തപുരം:

പരിസ്ഥിതിക്കും പ്രദേശവാസികളുടെ ജീവനും സ്വത്തിനും പ്രശ്‌നമുണ്ടാക്കാത്ത തരത്തിൽ കരിമണൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗിക്കണമെന്നാണ് സർക്കാരിന്റെ നയമെന്ന് വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ പറഞ്ഞു. ആർ രാമചന്ദ്രൻ എം എൽ എയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആവാസവ്യവസ്ഥയ്ക്കു കോട്ടം തട്ടാത്ത രീതിയിലും മനുഷ്യന്റെ ജീവനും സ്വത്തിനും നാശം സംഭവിക്കാത്ത തരത്തിലും സുസ്ഥിരമായ വികസന പ്രക്രിയയിലൂടെയും ആകണം ധാതു ഖനനമെന്നാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലെ കരിമണൽ നിക്ഷേപത്തെ ആശ്രയിച്ചാണ് പൊതുമേഖലയിലെ മൂന്ന് വ്യവസായസ്ഥാപനങ്ങളും സ്വകാര്യമേഖലയിലെ ഒരു വ്യവസായസ്ഥാപനവും പ്രവർത്തിക്കുന്നത്. ഈ നാലു വ്യവസായ സ്ഥാപനങ്ങളും 5000 ൽ അധികം പേർക്ക് പ്രത്യക്ഷമായി തൊഴിൽ നല്കുന്നുണ്ട്. കരിമണലിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളെ നിലനിർത്തേണ്ടതിന്റെ ആവശ്യകത സര്ക്കാരിന്റെ മുന്നിലുള്ള പ്രധാന വിഷയമാണ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലപ്പാട് വിഷയം ഗൗരവമായി ചർച്ച ചെയ്തു. ആലപ്പാട് പ്രദേശത്ത് കരിമണൽ ഖനനം മൂലമുണ്ടായ തീരശോഷണം, ശാസ്ത്രീയമായി എങ്ങനെ കരിമണൽ ഖനനം നടത്താം എന്നതിനെ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ടു തയ്യാറാക്കാൻ കേന്ദ്രഗവേഷണ സ്ഥാപനമായ എൻ സി ഇ എസ് എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ടു വരുന്നത് വരെ സീ വാഷിംഗ് നിർത്തിവെക്കാനും സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കി.

സീ വാഷിങ് ഉൾപ്പെടെയുള്ള കരിമണൽ ഖനനം മൂലം മാത്രമാണ് കരഭൂമി നഷ്ടപ്പെടുന്നത് എന്നത് ശരിയല്ല. കാലാവസ്ഥ വ്യതിയാനം മൂലവും സുനാമിപോലെയുള്ള പ്രകൃതി ദുരന്തങ്ങൾ കാരണവും ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് തീരശോഷണം സംഭവിക്കുന്നുവെന്നത് ശാസ്ത്രീയമായി തെളിഞ്ഞ വസ്തുതയാണ്.

പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഡാമുകൾ നിർമ്മിച്ചതിനാൽ കടലിലേക്ക് ഒഴുകിയെത്തുന്ന മണലിന്റെ അളവ് ഗണ്യമായി കുറഞ്ഞതും തീരശോഷണത്തിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ആർ ഇയും സംസ്ഥാന പൊതുമേഖല സ്ഥാപനമായ കെ എം എം എല്ലും സീ വാഷിങ് നടത്തുന്നത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് എന്ന ഗവേഷണ സ്ഥാപനം സമഗ്രമായി പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശ പ്രകാരമാണ്.

ഓരോ മാസവും ശേഖരിക്കാൻ കഴിയുന്ന കരിമണലിന്റെ അളവ് ആ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. മഴക്കാലങ്ങളിൽ സീ വാഷിംഗ് ഒഴിവാക്കിയിട്ടുമുണ്ട്. ഖനനം മൂലം രൂപപ്പെടുന്ന കുഴികള് കരിമണല് വേർതിരിച്ചെടുത്ത ശേഷം അവശേഷിക്കുന്ന വെള്ളമണൽ കൊണ്ട് നികത്താറുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *