Fri. Nov 22nd, 2024
കാസർകോട്​:

ഹയർസെക്കൻഡറിയിൽ ഉന്നത വിജയം നേടിയ കാസർകോട്​ ജില്ലയിലുള്ളവർക്ക്​ ബിരുദത്തിന്​ പഠിക്കാൻ ആവശ്യമായ സീറ്റില്ല. ഹയർ സെക്കൻഡറി യോഗ്യത നേടിയ ജില്ലയിലെ പകുതിയോളം കുട്ടികളും ബിരുദ സീറ്റില്ലാതെ പുറത്താവും.പതിവുപോലെ കർണാടകയിലെ കോളേജുകളിലേക്ക്​ ചേക്കേറേണ്ട സ്​ഥിതിയാണ്​ ഇത്തവണയും​. കാലങ്ങളായി തുടരുന്ന അവഗണനയിൽ ജില്ലയിലെ ജനപ്രതിനിധികളും നിസ്സഹായതയിലാണ്​.

ഹയർ സെക്കൻഡറിയിൽ 82.64 ശതമാനം ജയമാണ്​ ഇത്തവണ ജില്ലയിലെ കുട്ടികൾ നേടിയത്​. പ്ലസ് ​ടു, വി എച്ച്എ സ്ഇ , ഓപൺ സ്​കൂൾ വിഭാഗത്തിലായി 13, 402 പേരാണ്​ ഹയർസെക്കൻഡറി പരീക്ഷ ജയിച്ചത്​. ജില്ലയിലെ സർക്കാർ, എയ്​ഡഡ്​, അൺ എയ്​ഡഡ്​ കോളേജുകളിലായി ആകെയുള്ളത്​ 7320 സീറ്റാണ്​.

ഹയർസെക്കൻഡറി യോഗ്യത നേടിയ 6082 പേർക്കും ജില്ലയിൽ ബിരുദപഠനത്തിന്​ സൗകര്യമില്ല. ഹയർസെക്കൻഡറി യോഗ്യത നേടിയ ഇത്രയും പേർക്ക്​ ഉന്നത പഠനസൗകര്യമില്ലാത്ത മറ്റൊരു ജില്ല സംസ്​ഥാനത്ത്​ അപൂർവമാണ്​. അൺ എയ്​ഡഡ്​ കോളേജിലെ മാനേജ്​മെൻറ്​ സീറ്റ്​ ഉൾപ്പെടെയാണ്​ ഈ സീറ്റ്​ എന്നതാണ്​ ഏറെ ആശ്ചര്യകരം.

ജില്ലയിൽ സർക്കാർ, എയ്​ഡഡ്​ മേഖലയിൽ എട്ട്​ കോളേജുകളാണ്​ ആകെയുള്ളത്​.2082 സീറ്റാണ്​ ഈ എട്ടു കോളേജുകളിലായി ആകെയുള്ളത്​. അൺ എയ്​ഡഡ്​ ​മേഖലയിൽ 19 ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജുകളിലായി 5238 സീറ്റാണുള്ളത്​.

ഇതിൽ പകുതിയും മാനേജ്​മെൻറ്​ സീറ്റാണ്​.ജില്ലയിലെ 106 ഹയർസെക്കൻഡറി സ്​കൂളുകളിലായി 1286 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ ലഭിച്ചവരാണ്​. മെഡിക്കൽ, എൻജിനീയറിങ്​ സീറ്റുകൾ ലഭിക്കാത്ത എല്ലാവരും ബിരുദ സീറ്റുകൾ തന്നെയാണ്​ കൂടുതലും ആശ്രയിക്കുന്നത്​.