Wed. Dec 18th, 2024
മലപ്പുറം:

മലബാര്‍ മഹാസമരത്തിന് നൂറുവയസു തികയുമ്പോള്‍ 1840 മുതല്‍ 1921 വരേയുള്ള പോരാട്ട ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവല്‍ കൂടി വായനക്ക്. പത്രപ്രവര്‍ത്തകനായ ഹംസ ആലുങ്ങലാണ് അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ മുന്നൂറില്‍പ്പരം പേജുകളുള്ള നോവല്‍ എഴുതിയിരിക്കുന്നത്. ചുവന്ന മേഘങ്ങള്‍, ചരിത്രത്തിന്റെ നിറം ചുവപ്പാണ്, വിലാപ സന്ധ്യകള്‍, കിലാപത്തുകാലം, എന്നിങ്ങനെ നാലു ഭാഗങ്ങളാണ് നോവലിനുള്ളത്.

മലബാര്‍ കലാപകാലത്ത് ബ്രിട്ടിഷ് പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന സാര്‍ജന്റ് എ എച്ച് ആന്‍ഡ്രൂസിന്റെ ഭാര്യയുടേതടക്കമുള്ള നാല് ഡയറിക്കുറിപ്പുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. 1840 കളില്‍ മലബാറില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കുടുംബങ്ങളും ആ കാലഘട്ടത്തിലെ കര്‍ഷകരും നേതാക്കളും ജന്മികളും നോവലില്‍ പുനര്‍ജനിക്കുന്നു.ഇതുവരേ പുറത്തുവന്നിട്ടില്ലാത്ത ഡയറിക്കുറിപ്പുകള്‍ അറിയപ്പെടാത്ത കാലത്തിന്റെ ചോരച്ചുവപ്പാണ് തുറക്കുന്നത്.

ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ സ്വകാര്യമായ കത്തിടപാടുകളിലും കുറിപ്പുകളിലും സംഭാഷണങ്ങളിലും നിക്ഷ്പക്ഷമായി ആ കാലഘട്ടത്തെ വിലയിരുത്തുന്നു. ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങളും ഇതിലൂടെ ഇതള്‍ വിരിയുന്നു.പതിനായിരക്കണക്കിനു മനുഷ്യരെ മരണത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മലബാര്‍ കലാപത്തിന് 2021 ആഗസ്റ്റിലാണ് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നത്.

ഒന്നാം സ്വാതന്ത്ര്യസമരകാലത്തിനും മുമ്പുള്ള മലബാറിലെ കാര്‍ഷിക കലാപങ്ങള്‍, ഗറില്ലാ യുദ്ധങ്ങള്‍, കൊളോണിയല്‍ ഭരണകൂട ഭീകരതകള്‍, കനല്‍വഴിയിലെ പോരാട്ടവീര്യങ്ങള്‍, ചേരൂര്‍ കലാപം, തൃക്കാളൂര്‍ ലഹള, മുട്ടിച്ചിറ യുദ്ധം, മഞ്ചേരി, മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് യുദ്ധങ്ങള്‍, ഉമര്‍ ഖാസി, മമ്പുറം തങ്ങന്‍മാരുടെ ആത്മീയ നേതൃത്വം, നാടുകടത്തല്‍, ജില്ലാകലക്ടര്‍ എച്ച് വി കനോലി വധം, ആന്തമാന്‍, ബെല്ലാരി ജയില്‍ ജീവിതങ്ങള്‍ ഇവയെല്ലാം നോവലില്‍ ഇരമ്പിമറിയുന്നു. 1840കളില്‍ തുടങ്ങി 1921ലെ വാഗണ്‍ കൂട്ടക്കുരുതിയിലവസാനിക്കുന്ന നോവലിന് അന്‍പത് അധ്യായങ്ങളുണ്ട്.

ഒരുഭാഗത്ത് പൂര്‍ണമായും വാഗണ്‍ കൂട്ടക്കുരുതിയില്‍ മരിച്ചവരും ജീവിതത്തിലേക്കു തിരിച്ചുവന്നവരും തന്നെയാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ ദുരന്തത്തിനുത്തരവാദിയായ പോലിസ് ഉദ്യോഗസ്ഥന്‍ സാര്‍ജന്റ് ആന്‍ഡ്രൂസിന്റെ ഭാര്യ ആ കൂട്ടക്കുരുതിയുടെ ഉള്ളറ രഹസ്യങ്ങള്‍ തുറന്നെഴുതുന്നുണ്ട്. ചരിത്രവും ഭാവനയും സമ്മേളിക്കുന്ന നോവലില്‍ പ്രണയവും പ്രതികാരവും കാത്തിരിപ്പും എല്ലാം പറയുന്നു.

നോവലിന്റെ നാലു ഭാഗവും എഴുതിതീര്‍ത്തതായും വൈകാതെ തുടര്‍ നോവലായി പ്രസിദ്ധീകരിച്ച ശേഷം പുസ്തകമാക്കുമെന്നും എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ പറഞ്ഞു. മലബാര്‍ കലാപത്തെക്കുറിച്ച് ഒട്ടേറെ സാഹിത്യരചനകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ മലബാര്‍ ജീവിതം പ്രമേയമാകുന്ന നോവല്‍ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളോണിയല്‍ ഭരണകൂട കാടത്തത്തിനുമെതിരേ ചോരകൊണ്ടെഴുതിയ ആത്മത്യാഗമായിരുന്നു മലബാര്‍ മാപ്പിളമാര്‍ക്ക് മലബാര്‍ സമരം. അതിനിടയില്‍ പൊരുതി വീണവര്‍ പതിനായിരങ്ങള്‍.

നാടുകടത്തപ്പെട്ടവര്‍ക്കു കയ്യും കണക്കുമില്ല, അറുപതിനായിരത്തിലധികം മനുഷ്യരെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചു. നൂറുകണക്കിനുപേരെ തൂക്കിലേറ്റി, അംഗവൈകല്യം സംഭവിച്ചവര്‍, അനാഥര്‍, മനോരോഗത്തിന്റെ പിടിയിലമര്‍ന്നവര്‍, കാണാതായവരെ കാത്തിരിക്കുന്നവര്‍, തിരിച്ചുവരാത്തവര്‍ക്കുവേണ്ടി അന്വേഷണങ്ങളിലേര്‍പ്പെട്ടവര്‍. ദുരൂഹമായ ആ ദുരന്തങ്ങളും നോവലില്‍ ഇതള്‍ വിരിയുന്നുണ്ട്.

മലപ്പുറം ജില്ലയിലെ കാളികാവ് അഞ്ചച്ചവടി സ്വദേശിയായ ഹംസ ആലുങ്ങല്‍ നേരത്തെ അന്‍പതുകളിലെ കിഴക്കന്‍ ഏറനാട്ടിലെ കമ്മ്യൂണിസ്റ്റ് ജീവിതം പറഞ്ഞ ഇങ്ക്വിലാബ് എന്ന നോവല്‍ രചിച്ചിട്ടുണ്ട്. ഈ നോവലിപ്പോള്‍ അഞ്ചാം പതിപ്പിലെത്തി. സഖാവ് കുഞ്ഞാലിയുടെ ജീവചരിത്രമുള്‍പ്പെടെ 15 ലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനമേഖലയില്‍ സംസ്ഥാന ദേശീയമാധ്യമ പുരസ്‌കാരങ്ങളടക്കം 18ലേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്.