Mon. Dec 23rd, 2024
കാസർഗോഡ്:

വനിതാ ശിശു വികസനവകുപ്പ് ഐസിഡിഎസ് തലത്തിൽ നടപ്പാക്കുന്ന ‘അംബ്രല്ല’ സൈക്കോസോഷ്യൽ സപ്പോർട്ട് പദ്ധതി അമ്മമാർക്ക്‌ തണലാവുന്നു. പ്രതിസന്ധികളും മാനസിക സമ്മർദ്ദവും അനുഭവിക്കുന്ന ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരപ്രായക്കാർ, യുവജനങ്ങൾ, രക്ഷിതാക്കൾ, വയോജനങ്ങൾ എന്നിവർക്കെല്ലാം മാനസിക പിന്തുണ നൽകി പ്രശ്നങ്ങൾക്ക് പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള വഴി കാണിച്ചുകൊടുക്കുകയാണ്‌ പദ്ധതി.നിലവിൽ ജില്ലയിൽ മനശാസ്‌ത്ര കൗൺസിലിംഗ് ലഭിക്കുന്നത് ഗവ സ്‌കൂളുകളിലെയും അങ്കണവാടികളിലെയും കുട്ടികൾക്ക് മാത്രമാണ്.

അൺ എയ്ഡഡ് സ്‌കൂളുകളിലെയും സ്വകാര്യ കോളജുകളിലെയും ഉൾപ്പെടെ മുഴുവൻ വിദ്യാർത്ഥികളിലേക്കും സൈക്കോ സോഷ്യൽ സേവനം എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണായും, ഐസിഡിഎസ് സൂപ്പർവൈസർ കൺവീനറായും പഞ്ചായത്ത് സെക്രട്ടറി ജോയിന്റ് കൺവീനറായുമുള്ള സമിതി പദ്ധതിക്കായി പ്രവർത്തിക്കും. മാസത്തിൽ ഒരിക്കൽ യോഗം കൂടി പ്രവർത്തനം വിലയിരുത്തും.

ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സണാകും. ജില്ലാ പഞ്ചായത്ത് തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സനായും കലക്ടർ വൈസ് ചെയർപേഴ്‌സനായും ജില്ലാ വനിതാ-ശിശു വികസന ഓഫിസർ കൺവീനറായും ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫിസർ ജോയിന്റ് കൺവീനറായും പ്രവർത്തിക്കുന്ന സമിതി മാസത്തിൽ ഒരിക്കൽ യോഗം കൂടി പ്രവർത്തനം വിലയിരുത്തും.