Mon. Dec 23rd, 2024
കോഴിക്കോട്‌:

കല്ലായിപ്പുഴയിൽ അടുപ്പിനി മുതൽ കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ ചെളിയും മാലിന്യവും നീക്കി ഒഴുക്ക് സുഗമമാക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പുഴയിലെ ചെളി നീക്കി ആഴം കൂട്ടണമെന്നതു സംബന്ധിച്ച്‌ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്‌മിഷന്‌ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ചെളി നീക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള എസ്റ്റിമേറ്റ് ജലവിഭവ വകുപ്പ് പുനഃപരിശോധിച്ച് സാങ്കേതികാനുമതി നൽകി പ്രവൃത്തി അടിയന്തരമായി നടപ്പാക്കും.

ഡ്രഡ്ജ് ചെയ്ത്‌ ലഭിക്കുന്ന ചെളിയിലെ മണൽ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റ് അവശിഷ്ടങ്ങൾ ഫില്ലിങ്ങിനും ഉപയോഗിക്കാം. ഇതു സംബന്ധിച്ചുള്ള നടപടികൾക്ക് സൂപ്രണ്ടിങ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നഗരത്തിന്റെ ഹൃദയഭാഗമായ മാവൂർ റോഡിൽ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ, കോർപറേഷൻ ബസ് സ്റ്റാൻഡ് എന്നിവയുണ്ട്‌.

ശക്തമായ മഴ പെയ്താൽ പ്രദേശം മുഴുവൻ വെള്ളം കയറും. നഗരത്തെ രണ്ടായി മുറിച്ച്‌ 11.2 കിലോമീറ്റർ നീളത്തിലാണ് കനോലി കനാലുള്ളത്. കനാലിന് ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കാൻ കല്ലായി പുഴയിലെ ചെളി നീക്കുന്നതിലൂടെ മാത്രമേ സാധിക്കൂവെന്ന് എംഎൽഎ പറഞ്ഞു.

നേരത്തെ മന്ത്രി പി എ മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മേയർ ഡോ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി റോഷി അഗസ്‌റ്റിൻ എന്നിവരെ കണ്ട്‌ അറിയിച്ചിരുന്നു.