എടക്കര:
മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന (എന്‍ ഡി ആര് എഫ്) സന്ദര്‍ശനം നടത്തി. പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ, പാതാര്‍, മുണ്ടേരി ഇരുട്ടുകുത്തി കോളനിയുടെ പരിസരം, വഴിക്കടവ് പഞ്ചായത്തിലെ നാടുകാണി ചുരം മേഖല, മണ്ണിടിച്ചിലുണ്ടായ മറ്റു പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സംഘാംഗങ്ങള്‍ സന്ദര്‍ശനം നടത്തിയത്.തമിഴ്നാട് മദ്രാസ് ആര്‍ക്കോണത്തുള്ള നാലാം ബെറ്റാലിയനിൽപ്പെട്ട 23 എന്‍ ഡി ആര് എഫ് സേനാംഗങ്ങളാണ് രണ്ട് എസ് ഐമാരുടെ നേതൃത്വത്തില്‍ കാലവര്‍ഷക്കെടുതികള്‍ മുന്നില്‍ കണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാർ നിർദേശമനുസരിച്ച് നിലമ്പൂരിലെത്തിയത്.
പഞ്ചായത്ത് പ്രസിഡൻറ് വിദ്യാ രാജന്, അംഗങ്ങളായ മുസ്തഫ പാക്കട, ഹരിദാസ്, എന്‍ ഡി ആര് എഫിെൻറ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ പി വിജയകുമാര്‍, റവന്യു ഉദ്യോഗസ്ഥര്‍, എന്‍ ഡി ആര് എഫ് എസ് ഐ പി കെ ശര്‍മ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നാട്ടുകാരില്‍നിന്നും വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.