ഇരിട്ടി:
സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി ഉപജില്ല സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം അധികൃതരുടെ അനാസ്ഥയെ തുടർന്ന് വഴിമുട്ടി. ഇതോടെ ജോലിഭാരം കൂടി ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ഓഫിസ് ജീവനക്കാര്‍ വർഷങ്ങളായി ഇരട്ടിദുരിതം പേറുകയാണ്. ഉമ്മൻ ചാണ്ടി സര്‍ക്കാറിൻറെ കാലത്താണ് ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി മറ്റൊരു ഉപജില്ല ഓഫിസ് കൂടി തുടങ്ങാന്‍ തീരുമാനിച്ചത്.
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി രൂപ അനുവദിക്കുകയും 12 തസ്തികകള്‍ സൃഷ്ടിക്കുകയും ഒരു ജൂനിയര്‍ സൂപ്രണ്ടിനെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തെങ്കിലും പിന്നീട് 2016ൽ സര്‍ക്കാര്‍ മാറിയതോടെ വിദ്യാഭ്യാസ ജില്ല വിഭജനം ചുവപ്പുനാടയിൽ കുരുങ്ങുകയും വിഭജന നടപടി തകിടം മറിയുകയുമായിരുന്നു.എട്ട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ, 21 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ ഉള്‍പ്പെടെ 113 സ്കൂളുകളുടെ ചുമതലയാണ് ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസിനുള്ളത്. കൂടാതെ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ആറളം ഫാം ഗവ ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ 20ലേറെ സ്പെഷല്‍ സ്കൂളുകളും 11ഓളം ഏകാധ്യാപക വിദ്യാലയങ്ങളും ഇതിൻറെ പരിധിയില്‍പെടും.
വയനാടിൻറെ അതിർത്തി പങ്കിടുന്ന കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുതൽ മലയോരത്തെ 12ഓളം ഗ്രാമപഞ്ചായത്തുകളും ഇരിട്ടി നഗരസഭയും ഉൾപ്പെടുന്നതാണ് ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയുടെ പ്രവർത്തനപരിധി. കൂടാതെ ഇരിക്കൂര്‍, മട്ടന്നൂര്‍ മണ്ഡലത്തിലെയും തില്ലങ്കേരി, കോളയാട് പഞ്ചായത്തുകളിലെയും ഏതാനും സ്കൂളുകളും ഇരിട്ടി ഉപജില്ലയുടെ ഭാഗമായുണ്ട്. ഒന്നുമുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ കാൽലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കേണ്ട ചുമതലയും ഇവര്‍ക്ക് നിര്വഹിക്കേണ്ടിവരുന്നു.
വയനാടിൻറെ അതിര്‍ത്തിപ്രദേശമായ ഏലപ്പീടിക മുതല്‍ കര്‍ണാടക അതിര്‍ത്തിയായ പേരട്ട വരെ നീണ്ടുകിടക്കുന്ന മലയോര പ്രദേശങ്ങളില്‍നിന്നും സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഭരണപരമായ ആവശ്യങ്ങള്‍ക്കുമായി ഇരിട്ടി ഉപജില്ല ഓഫിസില്‍ എത്തിച്ചേരേണ്ട സ്കൂൾ അധികൃതർ ഏറെ ബുദ്ധിമുട്ടിയാണ് ഇരിട്ടിയിലെത്തുന്നത്.യാത്രാക്ലേശവും ജോലിഭാരവും ചുമതലകൾ നിർവഹിക്കുന്നതിലെ നയപരമായ കാലതാമസവും പരിഗണിച്ചാണ്, ഭൂവിസ്തൃതിയിൽ ഒന്നാം സ്ഥാനത്തുള്ള ഇരിട്ടി ഉപജില്ലയെ വിഭജിച്ച് പേരാവൂർ, ഇരിട്ടി എന്നീ രണ്ട് കേന്ദ്രങ്ങളായി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപവത്കരിക്കാൻ സർക്കാർ നടപടി നീക്കിയതെങ്കിലും ഉദ്യോഗസ്ഥർ മുഖം തിരിച്ചതോടെ വിഭജനം പാതിവഴി നിലച്ചു.
ഉമ്മൻ ചാണ്ടി സർക്കാർ മാറി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയിട്ടും ഉപജില്ല വിദ്യാഭ്യാസ ഓഫിസ് വിഭജിക്കാനുള്ള നടപടി പുനരാരംഭിക്കാൻ തയാറായിട്ടില്ല.പൊതുവിദ്യാഭ്യാസ മേഖലയിൽ നവീനമാറ്റം ലക്ഷ്യമിടുന്ന സർക്കാർ ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയെ വിഭജിച്ച് തങ്ങളുടെ ജോലിഭാരം കുറച്ച് ഈ മേഖലയിലെ പ്രവർത്തനം സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് സ്കൂൾ അധികൃതരും ഇരിട്ടി ഉപജില്ല അധികൃതരും ആവശ്യപ്പെടുന്നത്.