Wed. Nov 6th, 2024
കാസർഗോഡ്:

കാസര്‍ഗോട്ടെ ജ്വല്ലറിയില്‍ ജീവനക്കാരെ കെട്ടിയിട്ട് കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയും കവര്‍ന്നു. ദേശീയപാതയോരത്തുള്ള രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. അന്തര്‍സംസ്ഥാന മോഷണ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.

ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കാറിലെത്തിയ മോഷണ സംഘം സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം ജ്വല്ലറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. പതിനഞ്ച് കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലു ലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു.

സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലോക്ക് തുറക്കാന്‍ സാധിക്കാത്തതിനാല്‍ കവര്‍ച്ച ചെയ്യാനായില്ല.പൊലീസ് ഡോഗ് സ്വാകാഡും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ജ്വല്ലറിയിലെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മംഗളൂരു, ഉള്ളാല്‍, ഉപ്പള സ്വദേശികളായ ഏഴംഗ കവര്‍ച്ചാസംഘത്തെ കേന്ദ്രീകരിച്ച് കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. സാരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ കുമ്പള സ്വദേശി അബ്ദുല്ലയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.