വെള്ളമുണ്ട:
വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളിൽ പങ്കെടുക്കാനുള്ള രണ്ട് ടെലിവിഷനുകൾ കോളനിയിൽ പൊടിപിടിച്ചു കിടക്കുമ്പോൾ പരിധിക്ക് പുറത്തായി ആദിവാസിക്കുട്ടികൾ. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന് കോളനിയിലാണ് അധികൃതരുടെ അനാസ്ഥകാരണം പഠനം മുടങ്ങുന്നത്. കോളനിയിലെ രണ്ട് കേന്ദ്രങ്ങളിലേക്ക് ഒരു മാസം മുമ്പ് രണ്ടു ടി വികൾ സാമൂഹികപ്രവർത്തകർ എത്തിച്ചിരുന്നു.
ഇത് പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതിയില്ലാത്തതാണ് കേന്ദ്രം നോക്കുകുത്തിയാവാനിടയാക്കിയത്. കോളനിക്കകത്ത് വൈദ്യുതി ലൈൻ എത്തിയിട്ടുണ്ടെങ്കിലും പഠനകേന്ദ്രത്തിൽ വൈദ്യുതി നൽകാത്തതാണ് തിരിച്ചടിയാവുന്നത്. ഇതോടെ കോളനിയിലെ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തെ കുറിച്ചുപോലും അറിയാത്ത അവസ്ഥയിലാണ്.
വനത്തോട് ചേർന്ന മുഴുവൻ കോളനികളിലും പഠനം മുടങ്ങിയ നിലയിലാണ്. ജില്ലയിലെ പിന്നാക്ക ആദിവാസി മേഖലകളില്‍ രണ്ടാം ഘട്ടമായിട്ടും എല്ല വിദ്യാർത്ഥികൾക്കും ബദല്‍ സൗകര്യങ്ങള്‍ ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുണ്ട്.ഒന്നാം ഘട്ടത്തില്‍ നിരവധി കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്തായിരുന്നു.
തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളും ജനപ്രതിനിധികളും ക്രമീകരിച്ച പഠനമുറികളിലേക്ക് മറ്റ് കുട്ടികള്‍ നേരത്തെതന്നെ എത്തിയിരുന്നുവെങ്കിലും ആദിവാസി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഇപ്പോഴും നാമമാത്രമാണ്. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളിലെ കുട്ടികള്‍ക്കാണ് ഇത്തരം മുറികളൊരുക്കിയത്.
തുടക്ക ദിവസം മുതൽതന്നെ പലസ്ഥലങ്ങളിലും വൈദ്യുതി പണിമുടക്കുന്നതും ഇൻറർനെറ്റ് വേഗതക്കുറവും വിദ്യാർത്ഥികൾക്ക് വിനയായിരുന്നു. ഇവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ബദല്സംവിധാനമെത്തിക്കാനുള്ള ശ്രമം നടന്നുവരുകയാണെന്ന് വിവിധ വകുപ്പുകള്‍ പറയുന്നുണ്ടെങ്കിലും നടപടികൾ ഉണ്ടാവുന്നില്ല.