Fri. Nov 22nd, 2024
ഉളിക്കൽ:

കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന ഉളിക്കൽ – അറബി – കോളിത്തട്ട് റോഡിൽ കേയാപറമ്പിൽ കണ്ടെത്തിയ ഗുഹ അടയ്ക്കുന്നതിനോ ബദൽ മാർഗം സ്വീകരിക്കുന്നതിനോ നടപടിയില്ല. കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 13 കോടി രൂപ മുടക്കി 10 കിലോമീറ്റർ ദൂരമാണു മെക്കാഡം ടാറിങ് നടത്തുന്നത്.ഗുഹ രൂപപ്പെട്ട ഭാഗത്തെ രണ്ടു വീട്ടുകാർ അപകട ഭീഷണി മൂലം താമസം മാറ്റി.

ഈ ഭാഗത്തു റോഡ് ചെളിക്കുളമായി കിടക്കുകയാണ്. 2020 ഒക്ടോബറിലാണു റോഡ് പണിക്കിടെ പ്രദേശം മുഴുവൻ വ്യാപിക്കുന്ന ഗുഹ കണ്ടെത്തിയത്. ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരുമെത്തി ഉടൻ നടപടിയെടുക്കുമെന്നു പറഞ്ഞു മടങ്ങിയെങ്കിലും ഒരു വർഷം ആകാറായിട്ടും നടപടിയില്ല.

അധികൃതർ വാക്ക് പാലിക്കാത്തതിനാൽ 2 വീട്ടുകാർ പ്രാണഭയം മൂലം താമസം മാറ്റി. കേയാപറമ്പിൽ ഗുഹ കണ്ടെത്തിയതിന്റെ ഇരുഭാഗത്തും ടാറിങ് നടത്തിയെങ്കിലും ഗുഹ കണ്ടെത്തിയ ഭാഗം ചെളിക്കുളമായി തുടരുകയാണ്. ചെളിവെള്ളം കെട്ടി നിൽക്കുന്നതിനാൽ റോഡിലെ കുഴിയും കരയും തിരിച്ചറിയാതെ വാഹനങ്ങൾ അപകടത്തിലും പെടുന്നു. ചില സംഘങ്ങൾ തുറന്നു കിടക്കുന്ന ഗുഹയിൽ ദൂരദിക്കുകളിൽ നിന്നു പോലും മാലിന്യമെത്തിച്ചു തള്ളുന്നുണ്ട്.