Wed. Jan 22nd, 2025
കുറ്റ്യാടി:

സൗകര്യമേറെയുള്ള കെട്ടിടമുണ്ടെങ്കിലും തൊട്ടിൽപാലം സബ് ട്രഷറിയിൽ അടിസ്ഥാന സൗകര്യങ്ങളില്ല. വൈദ്യുതി മുടങ്ങിയാൽ കെട്ടിടം ഇരുട്ടിലാകും. ജനറേറ്റർ ഉണ്ടെങ്കിലും കേടായിക്കിടക്കുകയാണ്.

യുപിഎസ് സംവിധാനം ഇവിടെയില്ല. മലയോര മേഖല ഉൾപ്പെടുന്ന പ്രദേശമായതിനാൽ വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി പോയാൽ ഓഫിസിലെ കംപ്യൂട്ടറും ഇന്റർനെറ്റ് സംവിധാനങ്ങളുമെല്ലാം നിലയ്ക്കും. ഇതുകാരണം പണം അയയ്ക്കുന്നതിനും മറ്റും സാധിക്കുന്നില്ല.

ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നതു കംപ്യൂട്ടറുകൾ തകരാറിലാകാനും ഇടയാക്കുന്നു. പെൻഷൻ വാങ്ങാൻ എത്തുന്നവരും മറ്റും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.ജനറേറ്ററിൽ ഇന്ധനം നിറയ്ക്കാനുള്ള ഫണ്ടും കേടായ സമയത്തു ജനറേറ്റർ നന്നാക്കിയതിന്റെ ഫണ്ടും ലഭിച്ചിട്ടില്ല.

വൈദ്യുതി പോയാൽ മൂന്നു മണിക്കൂറെങ്കിലും പ്രവർത്തിക്കുന്ന ബാറ്ററി സംവിധാനം ഏർപ്പെടുത്തിയാൽ പ്രശ്നത്തിനു പരിഹാരം കാണാവുന്നതാണ്.ഇതിനു ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകണമെന്നാണു ജീവനക്കാരടക്കം ആവശ്യപ്പെടുന്നത്.ട്രഷറിയിൽ എടിഎം സംവിധാനം ഒരുക്കുന്നതിനുള്ള സൗകര്യം ഉണ്ടെങ്കിലും സ്ഥാപിക്കാനാവശ്യമായ നടപടിയും ഉണ്ടായിട്ടില്ല.