Wed. Jan 22nd, 2025

പേരാമ്പ്ര:

പെരുവണ്ണാമൂഴി വടക്കെ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുമെന്ന് പെരുവണ്ണാമൂഴി സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പെരുവണ്ണാമൂഴി കക്കയം ടൂറിസം കോറിഡോർ പദ്ധതി നടപ്പാക്കണമെന്ന ചക്കിട്ടപാറ പഞ്ചായത്തിന്റെ ആവശ്യം അനുഭാവപൂർവം ഏറ്റെടുത്ത്‌ നടപ്പാക്കും. പെരുവണ്ണാമൂഴി മുതൽ കക്കയം വരെയുള്ള 14 കിലോമീറ്റർ ദൈർഘ്യമുള്ള റിസർവോയറിൽ സോളാർ ബോട്ട്, പെരുവണ്ണാമൂഴിയെ തോണിക്കടവ് ടൂറിസവുമായി ബന്ധപ്പെടുത്തി ബോട്ട് യാത്ര, ഡാം പരിസരത്ത് പെഡൽ ബോട്ട്, റോപ്പ് വേ, റിസർവോയറിനകത്തെ തുരുത്തുകളിൽ പക്ഷിസങ്കേതം എന്നിവ ഏർപ്പെടുത്താൻ കഴിയും.

പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി പൂര്‍ത്തിയാക്കി സെപ്തംബർ 15നകം നാടിനു സമര്‍പ്പിക്കും. 3.13 കോടി രൂപ ചെലവഴിക്കുന്ന ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ നവംബറിലാണ് പ്രവൃത്തി ആരംഭിച്ചത്.

പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല പേരാമ്പ്ര എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ഡിടിപിസി എക്സിക്യുട്ടീവ് എന്‍ജിനീയര്‍, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ അടങ്ങുന്ന പെരുവണ്ണാമുഴി ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കും. വിനോദസഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷനാണ്.
പെരുവണ്ണാമൂഴി ഐബിയിൽ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരുമായി മന്ത്രി പ്രവർത്തന പുരോഗതി വിലയിരുത്തി.

എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, കെ പി കുഞ്ഞമ്മത്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ പി ബാബു, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, ടൂറിസം റീജണൽ ജോയിന്റ്‌ ഡയറക്ടർ സി എൻ അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടർ അനിൽ കുമാർ, ഡിടിപിസി സെക്രട്ടറി സി പി ബീന, ഡിടിപിസി എക് സിക്യുട്ടീവ് അംഗം എസ്‌ കെ സജീഷ്, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രെക്ചർ ഡവലപ്പ്മെന്റ്‌ കോർപറേഷൻ എക്സിക്യുട്ടീവ് എൻജിനീയർ ജമാൽ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.