Mon. Dec 23rd, 2024

വൈത്തിരി:

വ്യാജ കെ എൽ ആർ തട്ടിപ്പിനെ തുടർന്ന് വൈത്തിരിയിൽ വീടിനും കെട്ടിടനിർമാണത്തിനും അപേക്ഷിക്കാനാകാതെ ജനം വലയുന്നു. കെ എൽ ആർ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാൽ ജനങ്ങൾക്ക് അപേക്ഷ നൽകാനാകുന്നില്ല. പഞ്ചായത്തും റവന്യൂ അധികൃതരും അപേക്ഷയുമായി എത്തുന്നവരെ വലക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നേരത്തെ വൈത്തിരി പഞ്ചായത്തിന് കീഴിലുള്ള വില്ലേജ് ഓഫിസുകളിൽ ലഭിച്ചിരുന്ന കെ എൽ ആറിനുള്ള അപേക്ഷകൾ മാനന്തവാടി സബ് കലക്ടറുടെ ഓഫിസിൽനിന്നുള്ള അനുമതി ലഭിച്ചശേഷം മാത്രമായിരുന്നു നൽകിയിരുന്നത്. ഇങ്ങനെ നൽകിയിരുന്ന കെ എൽ ആർ അപേക്ഷയോടൊപ്പം സമർപ്പിക്കുന്നതിന് അനുസൃതമായാണ് പഞ്ചായത്ത് ഓഫിസിൽനിന്ന്​ കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകിയിരുന്നത്. വീടുവെക്കാനും മറ്റുമായി മതിയായ രേഖകൾ സമർപ്പിച്ചിട്ടും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടും അനുമതി കാത്ത്​ മൂന്നാഴ്ചയിലധികമായി കാത്തിരിക്കുന്നവരും നിരവധിയാണ്.

മാനന്തവാടി സബ് കലക്ടറുടെ ഓഫിസിൽ നിരവധിതവണ നേരിട്ട് ചെന്നിട്ടും കെ എൽ ആർ രേഖകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. മതിയായ രേഖകളില്ലെങ്കിൽ പഞ്ചായത്ത് കെട്ടിടം നിർമിക്കുന്നതിനുള്ള അനുമതി പരിഗണിക്കുന്നുമില്ല. എന്നാൽ, വ്യാജ രേഖാനിർമാണം പുറത്തുവന്നതോടെ കെ എൽ ആർ രേഖകൾ കർശന പരിശോധനക്ക് ശേഷം മാത്രം കൊടുത്താൽ മതിയെന്ന ജില്ല ഭരണകൂടത്തി​ൻെറ ഉത്തരവുള്ളതിനാൽ എല്ലാ രേഖകളും വ്യക്തമാണെങ്കിൽ മാത്രമാണ് ശിപാർശയുമായി സബ് കലക്ടർ ഓഫിസിലേക്ക് അയക്കുന്നത്.

അത്യാവശ്യക്കാരായവരുടെ അപേ‍ക്ഷ വില്ലേജ് ഓഫിസറുടെ ശിപാർശപ്രകാരം മാനന്തവാടിയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. അപേക്ഷയുടെ ക്രമനമ്പർ അനുസരിച്ചാണ് രേഖകൾ അനുവദിക്കുന്നതെന്ന് റവന്യൂ ഓഫിസിൽനിന്ന്​ അറിയിച്ചു. ചെറിയ വീടുകളുണ്ടാക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകിയവർപോലും നീണ്ട കാത്തിരിപ്പിലാണ്.