Wed. Jan 22nd, 2025

കണ്ണൂർ:

ടർണിം.. ടർർർണീം.. ശബ്ദം കേട്ടാൽ ഇനി പൊലീസിനെയും പ്രതീക്ഷിക്കാം. നഗരത്തിൽ പൊലീസ് സൈക്കിളിൽ പട്രോളിങ് തുടങ്ങി. സംസ്ഥാനത്തെ ആദ്യ പെഡൽ പൊലീസ് (ബൈസിക്കിൾ പട്രോളിങ്) സംവിധാനം കെ വി സുമേഷ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബൈസിക്കിൾ മേയർ ഷാഹിൻ പള്ളിക്കണ്ടിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

പരിസ്ഥിതി സൗഹൃദമായ പട്രോളിങ് എന്നതു മാത്രമല്ല സൈക്കിൾ പട്രോളിങ്ങിൻറെ മെച്ചം, പട്രോളിങ് വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ എത്താൻ കഴിയുമെന്നതും വാഹന പട്രോളിങ്ങിനേക്കാൾ കൂടുതൽ ആളുകളുമായി ബന്ധപ്പെടാനും സാധിക്കുമെന്നതും നേട്ടമാണ്. ആരോഗ്യകരമായ ശീലങ്ങളിലൊന്നായി കണ്ണൂർ നഗരം സൈക്ലിങ്ങിനെ നേരത്തേ തന്നെ സ്വീകരിച്ചിരുന്നു.പട്രോളിങ്ങിനു സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങുന്നതോടെ പൊലീസും ഈ വഴിയിലേക്ക് എത്തുകയാണ്.

ഷാഹിൻ പള്ളിക്കണ്ടി നൽകിയ സൈക്കിളുകൾ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുഖ്യാതിഥിയായിരുന്നു. മുൻ എംപി പി കെ ശ്രീമതി, അസി പൊലീസ് കമ്മിഷണർ പി പി സദാനന്ദൻ, കാനന്നൂർ സൈക്ലിങ് ക്ലബ് വൈസ് പ്രസിഡന്റ് എ ജോഗേഷ്,

പിങ്ക് റൈഡേഴ്സ് ചെയർപഴ്സൻ ഡോ മേരി ഉമ്മൻ എന്നിവർ പ്രസംഗിച്ചു. റിഫ്ലക്ടീവ് ജാക്കറ്റ്, ഹെൽമറ്റ്, സൈറൺ, അൾട്രാ ബ്രൈറ്റ് ലൈറ്റ്, കാരിയർ, വാട്ടർ ബോട്ടിൽ ഹോൾഡർ, മൊബൈൽ ഫോൺ ഹോൾഡർ തുടങ്ങിയവ സൈക്കിളിൽ ഉണ്ട്. ബീച്ചുകളിലും മാർക്കറ്റിലുമാണ് ആദ്യഘട്ടത്തിൽ ബൈസിക്കിൾ പട്രോളിങ് നടക്കുകയെന്നു സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.