Mon. Dec 23rd, 2024

ചക്കരക്കൽ:

വൈദ്യുതാഘാതമേറ്റ മൂന്നു പേർക്ക് രക്ഷകനായി 10 വയസ്സുകാരൻ. മുതുകുറ്റി എകെജി വായനശാലയ്ക്കു സമീപം ചാലിൽ വീട്ടിൽ ഷിബു–പ്രജിഷ ദമ്പതികളുടെ മകൻ ദേവനന്ദാണ് രക്ഷകനായത്. വീടിനു പുറത്തേക്ക് ലൈറ്റ് സ്ഥാപിക്കുന്നതിന് വയർ വലിക്കുന്നതിനിടെയാണ് ഷിബുവിന്റെ സഹോദരൻ ചക്കരക്കൽ ടൗണിലെ ഓട്ടോ ഡ്രൈവർ ഷിജിലിന് ഷോക്കേൽക്കുന്നത്.

വീടിന്റെ വരാന്തയിൽ വച്ച് ഷോക്കേറ്റ് അബോധാവസ്ഥയിലായ ഷിജിലിനെ രക്ഷിക്കാൻ എത്തിയ അച്ഛൻ ലക്ഷ്മണൻ, അമ്മ ഭാരതി എന്നിവർക്കും ഷോക്കേറ്റു. ഈ സമയം ബഹളം കേട്ട് എത്തിയ ദേവനന്ദ് സമയം പാഴാക്കാതെ ഓടിച്ചെന്ന് മെയിൻ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.ഷിജിലിനെ നാട്ടുകാർ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷിജിലിൻറെ വലതു കൈയുടെ ചെറുവിരൽ ഷോക്കേറ്റ് കരിഞ്ഞ നിലയിലാണ്. ലക്ഷ്മണൻ, ഭാരതി എന്നിവർക്ക് പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ പ്രഥമ ശുശ്രൂഷ നൽകി. മൗവഞ്ചേരി യുപി സ്കൂൾ 5 ക്ലാസ് വിദ്യാർത്ഥിയാണ് ദേവനന്ദ്. അമയ സഹോദരിയാണ്.