Mon. Dec 23rd, 2024

അഴീക്കൽ:

മുടക്കമില്ലാതെ ചരക്കു കപ്പൽ സർവീസ്‌ നടത്താൻ അഴീക്കൽ തുറമുഖത്ത്‌ കൂടുതൽ കണ്ടെയ്‌നറുകൾ എത്തിക്കാൻ നടപടി തുടങ്ങിയതായി കെ വി സുമേഷ്‌ എംഎൽഎ അറിയിച്ചു. അഴീക്കലിലേക്കും തിരിച്ച് കൊച്ചിയിലേക്കും കൂടുതൽ കണ്ടെയ്‌നറുകൾ എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്‌. പ്രാരംഭഘട്ടത്തിൽ കപ്പൽ സർവീസ് മുടക്കമില്ലാതെ തുടരുന്നതിനാവശ്യമായ ഇൻസെന്റീവ് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊള്ളും.

അഴീക്കൽ തുറമുഖ വികസനത്തിലും ചരക്കു കപ്പൽ സർവീസ് ശക്തിപ്പെടുത്തുന്നതിലും മുഖ്യമന്ത്രിയും തുറമുഖ മന്ത്രിയും പ്രത്യേക താൽപ്പര്യമാണെടുക്കുന്നത്‌. അഴീക്കൽ തുറമുഖത്ത്‌ മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു സുമേഷ്‌. അഴീക്കൽ തുറമുഖ ചരിത്രത്തിൽ ഇതാദ്യമായാണ് ചരക്കു കപ്പൽ പൂർണാർത്ഥത്തിൽ സർവീസ് നടത്തുന്നത്‌.

കപ്പൽ വഴിയുള്ള ചരക്കു ഗതാഗതം കൂടുതൽ സജീവമാക്കുന്നതിന് കണ്ണൂരിനു പുറമെ, കാസർകോട്, വയനാട്, കുടക് ജില്ലകളിലെ വ്യവസായ,- വ്യാപാര പ്രമുഖരിൽനിന്ന് സഹകരണം ആവശ്യപ്പെടും. ഇതിനായി അവരുടെ പ്രത്യേക യോഗം വിളിക്കും.

തീരദേശ ചരക്കു കപ്പൽ സർവീസിന്റെ ഭാഗമായി അഴീക്കൽ തുറമുഖത്ത് ചരക്കുനീക്കം സജീവമായി. കൊച്ചിയിൽനിന്നുള്ള ചരക്കുകളുമായി റൗണ്ട് ദി കോസ്റ്റ് കമ്പനിയുടെ ഹോപ് സെവൻ അഴീക്കൽ തുറമുഖത്ത് വീണ്ടുമെത്തി. ജൂലൈ ആദ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കപ്പൽ സർവീസ് ഉദ്ഘാടനംചെയ്തതിനു ശേഷം ഇത് മൂന്നാം തവണയാണ് കപ്പൽ അഴീക്കലിൽ എത്തുന്നതെന്നും സുമേഷ്‌ പറഞ്ഞു.

ഒരു കാരണവശാലും അഴീക്കലിൽനിന്നുള്ള ചരക്കുകപ്പൽ സർവീസ് മുടങ്ങില്ല. അതിനാവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സർക്കാരും തുറമുഖ വകുപ്പും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡിന്റെ പത്ത്‌  കണ്ടെയ്‌നറുകളാണ് അഴീക്കലിൽനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്.

ആദ്യ ഘട്ടത്തിൽ ഇത് 25 കണ്ടെയ്‌നറുകളാക്കി മാറ്റുകയാണ് ലക്ഷ്യം. അതേപോലെ കൊച്ചിയിൽനിന്ന് ഇങ്ങോട്ടേക്കുള്ള കണ്ടെയ്‌നറുകളുടെ എണ്ണവും 25 ആക്കി ഉയർത്താൻ കഴിയണം. അതിന് വാണിജ്യസമൂഹത്തിന്റെ പിന്തുണ വേണം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂരിലെ വ്യാപാരികളുമായും വ്യവസായികളുമായും ചർച്ചകൾ നടത്തുകയാണ്‌.