Mon. Dec 23rd, 2024

രാജപുരം:

കള്ളാർ പഞ്ചായത്തിലെ കൊട്ടോടി ചീറ്റക്കാൽ തട്ടിൽ ചെങ്കൽ ക്വാറിയിൽ ഗർത്തം രൂപപ്പെട്ട് ഉരുൾപൊട്ടൽ ഭീഷണി നില നിൽക്കുന്നെന്ന പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സബ് കലക്ടർ ഡി ആർ മേഘശ്രീ സ്ഥലം സന്ദർശിച്ചു. ജിയോളജിസ്റ്റ് ജഗദീഷ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, കള്ളാർ സ്പെഷൽ വില്ലേജ് ഓഫിസർ പ്രശാന്ത് വി ജോസഫ്, വില്ലേജ് അസിസ്റ്റന്റ് എ ചന്ദ്രൻ എന്നിവർക്കൊപ്പമാണ് കലക്ടർ എത്തിയത്.

ഗർത്തം സംബന്ധിച്ച് പരിസരവാസികൾക്ക് ആശങ്ക വേണ്ടെന്ന് പരിശോധനയ്ക്ക് ശേഷം ജിയോളജി അധികൃതർ പറഞ്ഞു. ഉരുൾപൊട്ടൽ ഭീഷണി ഇല്ലെന്നും അധികൃതർ പറഞ്ഞു. ഗർത്തം ഒഴിവാക്കി ക്വാറിയിലെ മറ്റു ഭാഗങ്ങൾ വെള്ളം കെട്ടി നിൽക്കാതെ മണ്ണിട്ട് നികത്താനും ക്വാറി ഉടമയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജിയോളജി വിഭാഗം സ്ഥലത്ത് സർവേ നടത്തും. മഴ മാറിയ ശേഷം കൂടുതൽ പരിശോധനകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. കള്ളാർ പഞ്ചായത്ത് പ്രസി‍ഡന്റ് ടി കെ നാരായണൻ, വാർഡംഗം എം കൃഷ്ണകുമാർ, 13ാം വാർഡംഗം ജോസ് പുതുശ്ശേരിക്കാലായിൽ, ആക്​‌ഷൻ കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ എന്നിവരും സ്ഥലത്തെത്തി.