Thu. Apr 3rd, 2025

രാമനാട്ടുകര:

സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

കേസിൽ ഷുഹൈബ് വധക്കേസ് പ്രതിയും അർജുൻ ആയങ്കിയുടെ സുഹൃത്തുമായ ആകാശ് തില്ലങ്കേരിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഹാജരാകുമെന്നാണ് സൂചന. പൊലീസ് അറസ്റ്റ് ചെയ്‌ത 17 പേരെ വരും ദിവസങ്ങളിൽ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യും.

കേസിൽ അർജുന് നേരിട്ട് ബന്ധമുണ്ടെന്നാണ് കസ്റ്റംസിൻറെ കണ്ടെത്തൽ. സ്വർണം കൊണ്ടുവന്ന ഷെഫീഖിൻറെ ഫോണിൽ നിന്നും ഇതിന്‍റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതിനുപിന്നാലെ അർജുനെയും ഷെഫീഖിനെയും കസ്റ്റംസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കടത്തിന് കൂട്ട് നിന്നിട്ടില്ലെന്നായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ വാദം. മാധ്യമങ്ങള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും അര്‍ജുന്‍ പ്രതികരിച്ചു. പക്ഷേ ദുബൈയില്‍ നിന്നും വരുന്ന ദിവസം അര്‍ജുന്‍ പല തവണ വിളിച്ചിരുന്നുവെന്ന് ഷഫീഖ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിക്ക് സ്വർണക്കടത്തിൽ മുഖ്യ പങ്കുണ്ടെന്നാണ് കസ്റ്റംസ് നൽകിയിരുന്ന കസ്റ്റഡി അപേക്ഷയിൽ പറഞ്ഞത്. സ്വർണവുമായി വിമാനത്താവളത്തിൽ നിന്നും പിടികൂടിയ മുഹമ്മദ് ഷെഫീഖ് കാരിയർ മാത്രമാണ്. 40,000 രൂപയും വിമാനടിക്കറ്റും ആയിരുന്നു ഷെഫീഖിന് വാഗ്ദാനം നൽകിയത്.

സ്വർണവുമായി വരുമ്പോൾ താൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുമെന്ന് അർജുൻ ഷെഫീഖിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഉടനെ ഷർട്ട് മാറ്റിവരാനും ആവശ്യപ്പെട്ടുവെന്നും ഷെഫീഖ് മൊഴി നൽകിയതായി കസ്റ്റംസ് നല്‍കിയ റിപ്പോര്‍ട്ടറില്‍ പറയുന്നു.