Sat. Jan 18th, 2025

പുൽപള്ളി:

കൊവിഡ്കാലത്ത് സാധാരണക്കാർക്ക് കോടികൾ നൽകി ശ്രദ്ധേയനായി പോസ്റ്റുമാൻ പിഎം ശശികുമാർ. തപാൽ വകുപ്പിൻറെ ആധാർ എനേബിൾഡ് പേയ്മെന്റ് പദ്ധതിയില്‍ ഇദ്ദേഹം നേടിയെടുത്തത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ 5ാം സ്ഥാനവുമാണ്. കൊവിഡ് പ്രതിസന്ധിയിൽ ജനം നട്ടം തിരിയുമ്പോഴാണ് സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ബാങ്കുകളിലെത്താതെ പണം നൽകാനുള്ള ഈ സംവിധാനം പുൽപള്ളി തപാൽ ഓഫിസിലാരംഭിച്ചത്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 20ന് ശശികുമാർ തപാല്‍ ഓഫിസിന് പുറത്ത് താൽക്കാലിക കൗണ്ടർ സ്ഥാപിച്ച് ആളുകൾക്കു പണം നൽകി തുടങ്ങി. ആധാർ നമ്പറും ഫോണുമായി എത്തുന്നവർക്ക് രണ്ടു മിനിറ്റിനുള്ളിൽ പണം ലഭിക്കുമെന്നായതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കു പണത്തിനായി ബാങ്കുകളുടെ മുന്നിൽ ക്യൂ നിന്നവർ നേരെ തപാൽ ഓഫിസിലേക്കു വച്ചടിച്ചു.രോഗികളായി വീടുകളിൽ കഴിയുന്നവർക്ക് അവിടെയെത്തിയും ശശികുമാർ പണം നൽകി.

മഹാമാരിയെ ഭയന്നു വീടുകളിൽ കഴിഞ്ഞവർക്കും ആശ്വാസം.പാളക്കൊല്ലിയിലെ പോസ്റ്റുമാനാണ് ശശികുമാര്‍. വേലിയമ്പം പോസ്റ്റുമാന്‍ ശരത്കൃഷ്ണനും ഇദ്ദേഹത്തെ സഹായിച്ചു. ബാങ്കുകളില്‍ നിന്നു പണമെടുക്കാന്‍ ദിവസങ്ങള്‍ വേണ്ടി വന്നപ്പോള്‍ ഗ്രാമീണ മേഖലയില്‍ ഏറെ സഹായകരമായി ഈ സാമ്പത്തിക ഇടപാട്.

ബാങ്കുകളിലെ ആള്‍ക്കൂട്ടവും താമസവും ഒഴിവാക്കാനും ഇവരുടെ ശ്രമത്തിനായി. രാജ്യത്താകമാനം ഈ സൗകര്യം തപാല്‍ വകുപ്പ് നടപ്പാക്കുന്നുണ്ടെങ്കിലും പ്രത്യേക പരിഗണനയോടെ അതിനായി കൗണ്ടര്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തുന്നത് പുല്‍പള്ളിയിലാണ്. തങ്ങളുടെ ജോലിക്കൊപ്പമാണ് ഇരുവരും ഈ സേവനത്തിനും കൂടുതല്‍ സമയം നീക്കിവച്ചത്.