എടക്കര:
പ്രളയത്തില്‍ തകര്‍ന്ന ചുങ്കത്തറ കൈപ്പിനിക്കടവ് പാലം പണി അതിവേഗത്തിൽ. ചുങ്കത്തറ പഞ്ചായത്തിലെ കൈപ്പിനിക്കടവ്-കുറുമ്പലങ്ങോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണ് സർക്കാർ അനുവദിച്ച 13 കോടി 20 ലക്ഷം രൂപയ്‌ക്ക് പുതുക്കിപ്പണിയുന്നത്. 2019ല്‍ കവളപ്പാറയിലും പാതാറിലുമുണ്ടായ ഉരുള്‍പൊട്ടലിനുശേഷം ചാലിയാറിലൂടെ ഒഴുകിവന്ന വന്‍മരങ്ങളും കൂറ്റന്‍ പാറകളും ഇടിച്ചാണ് പാലം തകര്‍ന്നത്.
ഇതിനുപിന്നാലെ പി വി അന്‍വര്‍ എംഎല്‍എ മുന്‍കൈയെടുത്ത് അതിവേഗം ഫണ്ട് അനുവദിച്ച് പണി തുടങ്ങി. പ്രളയത്തില്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ഓയിഡ് സ്ലാബ് ഡിസൈനിലാണ് പാലം പുനർനിര്‍മിക്കുന്നത്. 99.7 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്.
തൂണുകളുടെ നിര്‍മാണം കഴിഞ്ഞു. 18 മാസംകൊണ്ട് ബാക്കി ജോലികൾകൂടി പൂര്‍ത്തീകരിക്കും. നിലവില്‍ ഒമ്പത് കിലോമീറ്റര്‍ ചുറ്റി പൂക്കോട്ടുമണ്ണ വഴിയാണ് പ്രദേശവാസികള്‍ സഞ്ചരിക്കുന്നത്. പാലം യാഥാര്‍ഥ്യമാവുന്നതോടെ നാട്ടുകാരുടെ ദുരിതത്തിന് പരിഹാരമാവും.
പാലത്തിന് സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകള്‍ക്ക് നാല് കോടി 22 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. 16 കുടുംബങ്ങളാണ് പാലം പണിക്കും അപ്രോച്ച് റോഡിനുമായി 70 സെന്റ് സ്ഥലം വിട്ടുനല്‍കിയത്. 2020 ജൂണില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി സുധാകരനാണ് നിർമാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.