Sat. Jan 18th, 2025

മഞ്ചേരി:

മെഡിക്കൽ കോളേജ്‌ വികസനത്തിന് എൽഡിഎഫ്‌ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലംകാണുന്നു. ഈ അധ്യയനവർഷം നേഴ്‌സിങ് കോളേജ് പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചതിനുപിന്നാലെ ഇഎൻടി വിഭാഗം പിജി കോഴ്‌സിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ഒക്ടോബർ ആദ്യവാരമാകും ക്ലാസുകൾ തുടങ്ങുക.

ആദ്യഘട്ടത്തിൽ രണ്ട് സീറ്റുണ്ടാവും. സജ്ജീകരണങ്ങൾ സർക്കാർ പൂർത്തിയാക്കി. കണ്ണ്‌, ത്വക്ക്, ശിശുരോഗ വിഭാഗങ്ങളിലും പിജി കോഴ്‌സ് ആവശ്യപ്പെട്ടാണ് കോളേജ് അധികൃതർ മെഡിക്കൽ കൗൺസിലിന് കത്ത് നൽകിയത്. ഇവ അനുവദിക്കാനുള്ള പരിശോധന അവസാനഘട്ടത്തിലാണ്.

ഈ വർഷംതന്നെ ഇവയ്‌ക്കും അനുമതി ലഭിച്ചേക്കും. രണ്ട് സീറ്റ്‌ വീതമാവും ഉണ്ടാവുക.നേരത്തെ, പിജി കോഴ്‌സുകൾ തുടങ്ങാൻ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദേശിച്ച സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിരുന്നു. അംഗീകാരത്തിന് ആവശ്യമായ തുകയും കെട്ടിവച്ചു.

നിലവിൽ ഇഎൻടി വിഭാഗത്തിൽ നൂതന ചികിത്സയ്‌ക്കുള്ള സംവിധാനങ്ങളുണ്ട്. ക്ലാസുകൾ തുടങ്ങാൻ വകുപ്പ് മേധാവി, രണ്ട് പ്രൊഫസർമാർ, അഞ്ച് അസോ പ്രൊഫസർമാർ, നാല് അസി പ്രൊഫസർമാർ തസ്തികകളും ഒരുക്കി. ഹോസ്റ്റൽ സൗകര്യവും തയ്യാറാണ്‌.