Wed. Jan 22nd, 2025

കൽപ്പറ്റ:

ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും ഡോക്ടർമാരെ സഹായിക്കുന്നതിനായി നേഴ്‌സിങ്‌  സംവിധാനം ഒരുക്കുമെന്ന്‌  മൃഗസംരക്ഷണ- ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ  സന്ദർശനം നടത്തിയശേഷം ഉദ്യോഗസ്ഥതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ആരോഗ്യ വകുപ്പിന് സമാനമായ തരത്തിലുളള സംവിധാനമാണ് പരിഗണനയിലുളളത്.

ഇതിൻറെ ഭാഗമായി യോഗ്യരായ നേഴ്‌സുമാരെ പരിശീലിപ്പിക്കാൻ  മൃഗസംരക്ഷണ വകുപ്പിന്റെയോ സർവകലാശാലയുടെയോ നേതൃത്വത്തിൽ നേഴ്‌സിങ് കോളേജ് ആരംഭിക്കാനും ആലോചനയുണ്ട്‌.സംസ്ഥാനത്തെ മുഴുവൻ ബ്ലോക്കുകളിലും  24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനുളള പരിശ്രമമാണ് മൃഗസംരക്ഷണ വകുപ്പ് നടത്തുന്നത്‌. കൊവിഡ് സാഹചര്യത്തിലും ക്ഷീര കർഷകരെ സംരക്ഷിക്കാൻ വകുപ്പിന് സാധിച്ചിട്ടുണ്ട്.

  വെറ്ററിനറി സർവകലാശാലയെ മികവിൻറെ കേന്ദ്രമായി മാറ്റുന്നതിനുളള പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ഇതിനുളള ശ്രമം സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകണം. വിദേശത്തുനിന്നടക്കമുളള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുളള സെമിനാറുകൾ നടത്താൻ മുൻകൈയെടുക്കണം.

മൃഗങ്ങൾക്ക് ഭീഷണിയാകുന്ന രോഗങ്ങൾക്കെതിരെ പുതിയ വാക്‌സിനുകൾ ഉല്പ്പാദിപ്പിക്കാനുളള ഗവേഷണങ്ങൾക്ക്  സർവകലാശാല നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു.വെള്ളിയാഴ്‌ച രാവിലെയാണ് മന്ത്രി പൂക്കോട് വെറ്ററിനറി സർവകലാശാലയിലെത്തിയത്. ആദിവാസി യുവ സംരംഭകർക്ക് പോത്ത് കുട്ടികളെ നൽകുന്ന പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.  വൈസ് ചാൻസലർ എം ആർ ശശീന്ദ്രനാഥ്,  ടി  സിദ്ദീഖ് എംഎൽഎ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ്, രജിസ്ട്രാർ ഡോ സുധീർബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.