ശ്രീകണ്ഠപുരം:
പടിയൂരിൻറെ വിനോദസഞ്ചാര വികസനത്തിന് രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച് നാടിൻറെ മുന്നേറ്റം ലക്ഷ്യമിടുകയാണ് സിപിഐ എം പടിയൂർ ലോക്കൽ കമ്മിറ്റി. തുരുത്തുകൾ കൂട്ടിയിണക്കി കുട്ടികളുടെ പാർക്കും സസ്യ സംരക്ഷണവുമടങ്ങിയ പദ്ധതിയുടെ സാധ്യതകൾ പരിശോധിച്ച് പടിയൂരിൻറെ വികസനത്തിന് കുതിപ്പേകുകയാണ് ലക്ഷ്യം. കരട് രേഖ നൽകിയതിനെത്തുടർന്ന് കെ കെ ശൈലജ എംഎൽഎ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി വി പ്രശാന്ത്, ആർക്കിടെക്ട് മധുകുമാർ, ഡിടിപിസി സെക്രട്ടറി കെ സി ശ്രീനിവാസൻ, പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ എന്നിവർ പദ്ധതി പ്രദേശം സന്ദർശിച്ചു.
പഴശ്ശി ജലസേചന പദ്ധതിയുടെ റിസർവോയർ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിലായി ചെറുതുരുത്തുകളിലായി പച്ചപ്പിൻറെ കുട പ്രകൃതി ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഴശ്ശിസാഗർ മിനി ജലവൈദ്യുതി പദ്ധതി യഥാർഥ്യമാകുന്നതോടെ ജലസംഭരണി വേനലിലും വർഷകാലത്തും തടാകത്തിന് സമാനമാകും. 250 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.
ജലസംഭരണിയും ഉദ്യാനവും പഴശ്ശിസാഗർ പദ്ധതിയും ചേർത്താണ് വിനോദസഞ്ചാര കേന്ദ്രം. ഡാമിന് കിഴക്ക് പടിയൂർ മഞ്ചേരിപ്പറമ്പ്, നിടിയോടി, എടക്കാനം, പൂവം ഭാഗങ്ങളിൽ 70 ഏക്കറോളം വെള്ളം കയറാത്ത തുരുത്തുകളുണ്ട്. ഡാമിലേക്ക് 2.5 കിലോമീറ്റർ ദൂരത്തിലും ഇരിട്ടി നഗരത്തിലേക്ക് എട്ടുകിലോമീറ്ററിൽ ബോട്ട് സർവീസ്, റോപ് വേ, ചങ്ങാടം, ഡ്രൈവ് വേ, തു പാർക്കുകൾ, നീന്തൽക്കുളം, ചെറിയ പാലങ്ങൾ, കൺവൻഷൻ സെന്ററുകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.