Wed. Jan 22nd, 2025

കൊണ്ടോട്ടി:

ഏതാനും വർഷങ്ങൾക്കിടെ കൊണ്ടോട്ടിയിൽ‍ അടച്ചു പൂട്ടിയതു പത്തിലേറെ വസ്ത്രാലയങ്ങളാണ്. അതിൽ വലിയ തുണിക്കടകൾ മാത്രം അഞ്ചെണ്ണമുണ്ട്. പൂട്ടു വീണതിൽ വലുതും ചെറുതുമായ ജ്വല്ലറികളും ഹോട്ടലുകളും വേറെ. വിവിധ പ്രശ്നങ്ങൾക്കു പുറമേ, കൊവിഡ് നിയന്ത്രണങ്ങൾകൂടി എത്തിയതോടെ കൊണ്ടോട്ടിയിൽ തൊഴിൽമേഖല നേരിടുന്ന പ്രതിസന്ധി ഇരട്ടിയാണ്.

കോഴിക്കോട് വിമാനത്താവളം എത്തിയപ്പോൾ പുത്തനുണർവാണു കൊണ്ടോട്ടി, കരിപ്പൂർ ഭാഗങ്ങളിലെ വ്യാപാര മേഖലയിൽ ഉണ്ടായത്. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും എത്തിയ വ്യാപാരികൾ വിമാനത്താവള പരിസരത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടു സീസണുകളിലായി എത്തിയ കൊവിഡ് നിയന്ത്രണങ്ങൾ, അതിനു മുൻപേ എത്തിയ ഗൾഫ് നാടുകളിലുള്ള പ്രതിസന്ധി, തുടർന്നെത്തിയ വിമാന സർവീസുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ വ്യാപാരികളുടെയെല്ലാം നിലനിൽപ് ഭീഷണിയിലാക്കി.

വലിയ വിമാന സർവീസുകൾ നടന്നിരുന്നപ്പോൾ, ദിവസവും ആയിരക്കണക്കിന് യാത്രക്കാർ കരിപ്പൂരില്‍ എത്തിയിരുന്നു.വിമാനങ്ങളുടെ കുറവിനു പുറമേ, കൊവിഡ് നിയന്ത്രണങ്ങൾകൂടി എത്തിയതോടെ വ്യാപാര മേഖല സ്തംഭിച്ചു. വിമാനത്താവളത്തിലും പരിസരത്തുമുള്ള ഓട്ടോ -ടാക്സികൾക്ക് ഓട്ടമില്ലാതായി. വിവിധ ഏജൻസികൾ അടച്ചുപൂട്ടി.

അതിജീവിച്ചു മുന്നോട്ടുപോകുന്ന സ്ഥാപനങ്ങൾ പലതും പലതരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളും നിയന്ത്രണങ്ങളും ശാസ്ത്രീയമായല്ല നടപ്പാക്കുന്നതെന്ന ആക്ഷേപവും വ്യാപാരികൾ ഉന്നയിക്കുന്നു.