Wed. Jan 22nd, 2025

കാഞ്ഞങ്ങാട്‌:

കൊവിഡ്‌ മൂന്നാം തരംഗത്തിനെ ഫലപ്രദമായി നേരിടാൻ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ ഏഴുനില കെട്ടിടം സജ്ജമായി. ഫർണിച്ചറുൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കി. എൻഡോസൾഫാൻ പാക്കേജിൽ, ആർദ്രം മിഷൻറെ ഭാഗമായാണ്‌ ജില്ലാ ആശുപത്രിവളപ്പിൽ അഞ്ചുകോടി ചെലവിൽ കെട്ടിടം നിർമിച്ചത്‌.

ആശുപത്രി സൗകര്യം കൂട്ടുന്നതിനായി തൊട്ടടുത്തുള്ള ജില്ലാജയിൽ മാറ്റി സ്ഥാപിക്കാനുള്ള നടപടിയുമായി. മുൻ എംപി പി കരുണാകരൻറെ പരിശ്രമഫലമായാണ്‌ എൻഡോസൾഫാൻ പാക്കേജിൽ പെടുത്തി കെട്ടിടം നിർമിച്ചത്‌. നിർമാണം പൂർത്തിയായെങ്കിലും പുതിയ ബ്ലോക്കിലേക്ക്‌ വൈദ്യുതി കണക്‌ഷൻ വൈകി.

പാക്കേജിൻറെ കാലാവധി കഴിഞ്ഞതിനാൽ പണം ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നു കരുതി കരാറുകാർ പിന്മാറി. കാസർകോട്‌ വികസന പാക്കേജിൽപെടുത്തിയാണ്‌ വൈദ്യുതി പ്രവൃത്തികൾ പൂർത്തിയാക്കിയത്‌. പുതിയ കെട്ടിടത്തിൽ ഒപി, ലാബ്‌ ക്യാൻസർ രോഗികൾക്കുള്ള കിടത്തി ചികിത്സ, കീമോതെറാപ്പി സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തും.

ജില്ലാ ജയിലിൻറെ സ്ഥലം കൂടി ലഭിക്കുന്നതോടെ ജില്ല ആശുപത്രിയുടെ മുഖഛായ മാറും. സ്‌റ്റാഫ്‌ പാറ്റേൺ പുതുക്കണമെന്ന ആവശ്യവും സർക്കാരിൻറെ സജീവ പരിഗണനയിലാണ്‌.