Mon. Dec 23rd, 2024

കോഴിക്കോട്:

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ അഷ്റഫിന്‍റെ ഫോണിൽ കൊടിസുനിയുടെ ശബ്ദസന്ദേശം. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നതാണ്. കണ്ണൂർ സംഘമാണ് സ്വർണം തട്ടിയെടുത്തതെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ.

ജയിലിൽ നിന്നാണ് കൊടി സുനി സംസാരിക്കുന്നത്. എല്ലാം നിയന്ത്രിച്ച് ഇപ്പോഴും ജയിലിൽ നിന്ന് രാജാവായി കൊടി സുനി തുടരുമ്പോൾ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാണെന്ന് തെളിയുകയാണ്. കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാൻ കണ്ണൂർ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്റഫ് പൊലീസിനോട് പറഞ്ഞു.

കൊണ്ടുവന്ന സ്വർണം മുക്കിയതാണെന്ന് ഭീഷണി മുഴക്കിയാണ് കൊടുവള്ളി ക്വട്ടേഷൻ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോകുന്നത്. എന്നാൽ ഒരു ക്വട്ടേഷൻ സംഘം സ്വർണം തട്ടിക്കൊണ്ട് പോയതാണെന്ന് പല തവണ പറ‌ഞ്ഞതാണെന്നും എന്നിട്ടും കൊടുവള്ളിയിലെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയെന്നും അഷ്റഫ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രണ്ട് കിലോയാണ് കഴിഞ്ഞ മാസം റിയാദിൽ നിന്ന് വന്ന അഷ്റഫ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്നത്.