Mon. Dec 23rd, 2024

പയ്യന്നൂർ:

ശുചീകരണം നടത്തിയപ്പോൾ ലഭിച്ച മാലിന്യം തള്ളാൻ സ്ഥലം ലഭിക്കാതായപ്പോൾ പച്ചക്കറി കൃഷി നടത്തി പരിഹാരം കണ്ടെത്തി മാതൃക കാട്ടി ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ. ഓഫിസും പരിസരവും ശുചീകരിക്കാൻ സർക്കാർ നിർദേശം വന്നപ്പോൾ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന് മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ലാൻഡ് ട്രിബ്യൂണൽ ജീവനക്കാർ കെട്ടിടത്തിൻറെ ടെറസ് വൃത്തിയാക്കാൻ ഇറങ്ങി. 17 ജീവനക്കാർ ടെറസിനു മുകളിലെ പായലും മറ്റും ഇളക്കിയെടുത്ത് വൃത്തിയാക്കി.

എന്നാൽ വൃത്തിയാക്കി കിട്ടിയ മാലിന്യം എവിടെ കൊണ്ടു പോയി കളയുമെന്നത് പ്രശ്നമായി. മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ മാലിന്യം തള്ളാൻ സ്ഥലവുമില്ല. റോഡരികിൽ തള്ളിയാൽ അത് പ്രശ്നമാകും. ഈയൊരവസ്ഥയിലാണ് ഈ മാലിന്യം ഉപയോഗിച്ച് ടെറസ് പച്ചക്കറി കൃഷി തുടങ്ങാൻ എച്ച്എംഒ ബാബുരാജ് സഹപ്രവർത്തകർക്ക് നിർദേശം നൽകിയത്.

ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ 5 ഗ്രോബാഗ് വാങ്ങി ശേഖരിച്ച മാലിന്യവും കുറച്ച് ചകരിച്ചോറും ചേർത്ത് നിറച്ച് പച്ചക്കറി നട്ടു. നല്ല വിളവ് ലഭിച്ചതോടെ 90 ഗ്രോബാഗുകൾ വാങ്ങി കൃഷി തുടങ്ങി. മാലിന്യം തികയാതെ വന്നപ്പോൾ താഴെ നിന്ന് കരിയില ശേഖരിച്ച് ഒപ്പം ചേർത്തു.

വിവിധ തരം പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലി പൂ കൃഷിയും ഇതിനൊപ്പം ചേർത്തു. മിനി സിവിൽ സ്റ്റേഷന് മുകളിലെ ടെറസ് ഇപ്പോൾ പച്ചപ്പ് നിറഞ്ഞ് വിവിധ തരം പച്ചക്കറികൾ നിറഞ്ഞു കിടക്കുന്നു. മറ്റ് വളങ്ങളൊന്നും ചേർത്തിട്ടില്ല. ഇതു വരെ കീടങ്ങളുടെ ശല്യവുമില്ല. 17 ജീവനക്കാർ ഓരോ ദിവസവും ഓഫിസ് സമയം കഴിഞ്ഞാൽ നിശ്ചിത സമയം കൃഷി പരിപാലനത്തിന് ടെറസിൽ ഉണ്ടാകും.