ചക്കിട്ടപാറ:
പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി പ്രവൃത്തി പൂർത്തീകരിച്ച് സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് പദ്ധതി പുരോഗതി ചർച്ച ചെയ്ത യോഗത്തിൽ ടിപി രാമകൃഷ്ണൻ എംഎൽഎ അറിയിച്ചു. 2020 നവംബറിൽ ആരംഭിച്ച 3.13 കോടി രൂപയുടെ ടൂറിസം വികസനമാണ് പൂർത്തിയാകുന്നത്. കാന്റീൻ, കുട്ടികളുടെ പാർക്ക്, ഓപ്പൺ കഫ്റ്റീരിയ,ലാൻഡ് സ്കേപ്പിങ്, ടിക്കറ്റ് കൗണ്ടർ,ഇലക്ട്രിഫിക്കേഷൻ,വാഹന പാർക്കിങ് സൗകര്യം എന്നിവ നടത്തിയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം മോടി പിടിപ്പിക്കുന്നത്.
വിനോദ സഞ്ചാര വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനാണ്. ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല.പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ,ഡിടിപിസി സെക്രട്ടറി സിപി ബീന,എസ്കെ സജീഷ്,ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല എം.എല്‍.എ ചെയര്‍മാനും കലക്ടര്‍ സെക്രട്ടറിയും ഡിടിപിസി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവര്‍ അടങ്ങുന്ന പെരുവണ്ണാമൂഴി ടൂറിസം മാനേജ്മെൻറ് കമ്മിറ്റിക്കായിരിക്കും.