Sun. Dec 22nd, 2024

രാമനാട്ടുകര:

നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി പൂർത്തിയാകുന്നതിനൊപ്പം രാമനാട്ടുകരയിൽ സമഗ്ര ട്രാഫിക് പരിഷ്കാരങ്ങളും നടപ്പാക്കുന്നു. അനധികൃത പാർക്കിങ് തടഞ്ഞും ഓട്ടോകൾക്കു പ്രത്യേക ബേ ഒരുക്കിയും പരിഷ്കാരം നടപ്പാക്കാൻ നഗരസഭാധ്യക്ഷ ബുഷറ റഫീഖ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു.പദ്ധതി നടപ്പാക്കുന്നതിനു മുൻപു വിവിധ കക്ഷി നേതാക്കൾ, ഓട്ടോ–ടാക്സി ഡ്രൈവർമാർ, വ്യാപാരികൾ, ഉന്തുവണ്ടി കച്ചവടക്കാർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ യോഗം വിളിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കു ശാശ്വതമായി പരിഹരിക്കുകയാണു മുഖ്യ ലക്ഷ്യം.

രാമനാട്ടുകര നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി  ബസ് സ്റ്റാൻഡിനു മുൻവശത്ത്‌ റോഡിൽ പുതിയ ഡിവൈഡർ നിർമിക്കാൻ തീരുമാനം. ഇടതടവില്ലാതെ വാഹനങ്ങൾ  കടന്നുപോകുന്ന മേഖലയിൽ അപകടങ്ങൾ ഇല്ലാതാക്കാനും ഗതാഗതം നിയന്ത്രിക്കാനുമാണ്  രണ്ടു മീറ്ററോളം വീതിയിലും 30 സെ.മീറ്റർ പൊക്കത്തിലും ഡിവൈഡർ നിർമിക്കുക. ഇതോടൊപ്പം സിഗ്നലുകളും ഇരുഭാഗത്തേക്ക്‌  ലൈറ്റും ഘടിപ്പിക്കും. ഡിവൈഡറിൽ ചെടികൾ പിടിപ്പിച്ച് അലങ്കരിക്കും.

നേരത്തെ ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ മണൽചാക്കുകൾ ഇട്ടിരുന്നു.  ട്രാഫിക് പൊലീസ് അസി കമീഷണർ കെ സി ബാബു, ഫറോക്ക് – രാമനാട്ടുകര   മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ കെ അനൂപ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി എൻജിനിയർ ആർ റീന, ട്രാഫിക് എസ്ഐ സി കെ അരവിന്ദൻ   തുടങ്ങിയവർ  സ്ഥലം പരിശോധിച്ച ശേഷമാണ്‌  തീരുമാനം. നേരത്തെയുള്ള എസ്റ്റിമേറ്റ് പ്രകാരം നഗര സൗന്ദര്യവൽക്കരണ പദ്ധതിയിൽ ഈ ഡിവൈഡർ ഇല്ലാത്തതിനാൽ പ്രത്യേകമായി ഉൾപ്പെടുത്തിയതാണെന്ന്‌   അസി എൻജിനിയർ പറഞ്ഞു.