Sun. Jan 19th, 2025

ഇരിട്ടി:

ലോക ടൂറിസം ഭൂപടത്തിൽ ജില്ലയുടെ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യവുമായി 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പടിയൂർ ടൂറിസം പദ്ധതിക്ക് കരട് രൂപ രേഖ തയാറായി. 95 ശതമാനവും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ പഴശ്ശി പദ്ധതി പ്രദേശം കേന്ദ്രീകരിച്ചാണ് വൻ ടൂറിസം പദ്ധതി വിഭാവനം ചെയ്തത്.രണ്ട് വർഷത്തെ പഠനത്തിനും വിദഗ്ധരുടെ അഭിപ്രായ രൂപീകരണത്തിനും ശേഷം തയാറാക്കിയ കരട് പദ്ധതി രേഖ കെകെ ശൈലജ എംഎൽഎക്ക് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദീൻ, പി ഷിനോജ് എന്നിവർ കൈമാറി. സി രമേശനാണു സാധ്യത പഠനം നടത്തി പദ്ധതി കരട് രേഖ തയാറാക്കിയത്.

പൈതൽമല, കാഞ്ഞിരക്കൊല്ലി, പാലക്കയംത്തട്ട്, തുടങ്ങിയ മലയോരത്തെ ടൂറിസം സൈറ്റുകളും തീരപ്രദേശത്തെ ചുരുക്കം ചില ബീച്ചുകളിലും ഒതുങ്ങിയ കണ്ണൂരിന്റെ ടൂറിസം മേഖലയ്ക്ക് ഉണവു നൽകുന്നതാണ് പദ്ധതി.പഴശ്ശി ജല സംഭരണി, പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതി, നിലവിലുള്ള പഴശ്ശി ഉദ്യാനം, പഴശ്ശി ഡാമിന് കിഴക്ക് ഭാഗത്ത് പടിയൂർ മഞ്ചേരി പറമ്പ്, നിടിയോടി, എടക്കാനം, പൂവം, ഭാഗങ്ങളിലായി ഏകദേശം 70 ഏക്കറോളം വെള്ളം കയറാത്ത തുരുത്തുകളും ലഭ്യമാണ്.

സ്റ്റേറ്റ് ഹൈവേയിൽ നിന്നും റബർ ബോർഡ് ഓഫിസ് സ്ഥലത്തിന്റെ അതിർത്തിയിലൂടെ മഞ്ചേരിപ്പറമ്പ് വരെ 1.5 കിലോമീറ്റർ ദൂരത്തിൽ ഒരു ഡ്രൈവ് വേ, പഴശ്ശി ഡാം മുതൽ പൂവം വരെ 2.5 കിലോമീറ്റർ ദൂരത്തിൽ മറ്റൊരു ഡ്രൈവ് വേ, പഴശ്ശി ജല സംഭരണിയുടെ അധീനതയിലുള്ള വെള്ളം കയറാത്ത തുരുത്തുകളും, തീരങ്ങളും ഉപയോഗപ്പെടുത്തി പാർക്കുകൾ, നീന്തൽക്കുളം, കുട്ടികളുടെ കളിസ്ഥലം, ചെറിയ പാലങ്ങൾ, ചങ്ങാടം, പെഡൽ “ബോട്ട്, ബോട്ട് സർവീസ്, റോപ് വേ, കൺവൻഷൻ സെന്ററുകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.