Sun. Jan 19th, 2025

പഴയങ്ങാടി:

മാടായി പഞ്ചായത്ത് രണ്ടാം വാർഡിലെ വയൽ കൊതുകു വളർത്തൽ കേന്ദ്രമാകുന്നു. വെങ്ങര മുക്കിന് സമീപമുള്ള വയലിലെ വെളളക്കെട്ടാണു കൊതുകു വളർത്തു കേന്ദ്രമായി മാറിയിരിക്കുന്നത്. വയലിൻറെ രണ്ട്  ഭാഗങ്ങളിലൂടെയും റോഡ് കടന്നു പേകുന്നുണ്ടെങ്കിലും വെളളം ഒഴുകി പോകാൻ ഓവുചാൽ നിർമിക്കാത്തതാണ്  ഈ ദുരവസ്ഥക്കു കാരണം.

മുൻ കാലങ്ങളിൽ റോഡ് കവിഞ്ഞു വെളളം ഒഴുകി പോകാറുണ്ടെങ്കിലും  സമീപത്തെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വയലിനു സമീപം ചരൽ മണ്ണ്  കൂട്ടിയിട്ടതോടെ വെളളത്തിൻറെ ഒഴുക്കും തടസ്സപ്പെട്ടു.മൂന്ന് വർഷമായി പ്രദേശവാസികൾ ദുരിതം അനുഭവിക്കുകയാണ്.

വെളളം കെട്ടി കിടക്കുന്നതു കൊണ്ട് ഈ ഭാഗങ്ങളിലെ കിണറുകളിലെ വെളളത്തിന്  നിറം മാറ്റം വന്നിട്ടുണ്ട്. വർഷങ്ങളായി അനുഭവിക്കുന്ന ഈ വെളളക്കെട്ടിനു ശാശ്വതമായ പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാർ പറയുന്നത്.