പരിയാരം:
കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തിയ ശീതൾ നാടിൻറെ അഭിമാനമായി. കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട മൂന്നുപേരുടെ ജീവനാണ് കടന്നപ്പള്ളി പുത്തൂർക്കുന്നിലെ ശീതൾ ശശിധരൻ രക്ഷിച്ചത്. പുറച്ചേരിയിലെ കടന്നപ്പള്ളി ഗവ ഹയർസെക്കൻഡറി സ്‌കൂളിൾ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് ശീതൾ.
മാതൃസഹോദരി ഷൈമയുടെ ഗൃഹപ്രവേശത്തിനാണ് സഹോദരി ശിൽപയോടൊപ്പം ശീതൾ ബുധനാഴ്ച പുറച്ചേരിയിൽ എത്തിയത്. ചടങ്ങ് കഴിഞ്ഞ് അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച പകൽ ഒന്നോടെ സമീപത്തെ കുളത്തിൽ കുളിക്കാനാണ് ശീതളും ചേച്ചി ശിൽപയും മാതൃ സഹോദരിയായ ഷൈമയും ഷൈമയുടെ ഒമ്പത് വയസ്സുള്ള മകൾ ആരാധ്യയും എത്തിയത്.
കുളിക്കുന്നതിനിടെ ആരാധ്യ വെള്ളത്തിൽ മുങ്ങുകയായിരുന്നു. രക്ഷിക്കാൻ ചെന്ന അമ്മ ഷൈമയും തുടർന്ന് ശിൽപയും അപകടത്തിൽ പെട്ടു. മൂവരെയും രക്ഷിക്കാൻ ശീതൾ നീന്തിച്ചെന്നെങ്കിലും ഉദ്യമം ഫലിച്ചില്ല.
മനസ്സാന്നിധ്യം വിടാതെ ഉടൻ കരയിലേക്ക് തിരിച്ചു നീന്തി കുളത്തിൻ കരയിൽ കുട്ടികൾ നീന്താൻ ഉപയോഗിച്ചിരുന്ന ഫ്ളോട്ടിങ് കന്നാസുകൾ കൊണ്ടുവന്ന് മൂവരെയും രക്ഷിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ എല്ലാവരെയും പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശീതളിൻറെ ധീരതയെ നാട്ടുകാർ അഭിനന്ദിച്ചു. ബാലസംഘം പ്രവർത്തകയായ ശീതളിന് എം വിജിൻ എംഎൽഎ ഉപഹാരം നൽകി. പുത്തൂർക്കുന്നിലെ പാറയിൽ ശശി – ഷീജ ദമ്പതികളുടെ മകളാണ് ശീതൾ.