മുക്കം:
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ വ്യത്യസ്ത പ്രോജക്ടുകൾ ഉൾപ്പെടുത്തി മുക്കം നഗരസഭ സമർപ്പിച്ച 14 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ആക്‌ഷൻ പ്ലാനിന് സംസ്ഥാന നഗര തൊഴിലുറപ്പ് കൗൺസിൽ അംഗീകാരം നൽകി. ഇതനുസരിച്ച് 3,40,941 തൊഴിൽദിനങ്ങൾ ലഭിക്കും. 2021-22 സാമ്പത്തിക വർഷത്തേക്ക് നഗരസഭ കൗൺസിൽ അംഗീകരിച്ച് സമർപ്പിച്ച ലേബർ ബജറ്റിനും ആക്‌ഷൻ പ്ലാനിനുമാണ് മന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന 24-ാം സംസ്ഥാന തൊഴിലുറപ്പ് കൗൺസിൽ അംഗീകാരം നൽകിയത്.
ജലസംരക്ഷണം, വരൾച്ചാ പ്രതിരോധം, കുടിവെള്ളം, സൂക്ഷ്‌മ ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, കെട്ടിടനിർമാണം, സ്വകാര്യ ഭൂമിയിലെ ഇടപെടലുകൾ, ഭൂവികസന പ്രവൃത്തികൾ, മാലിന്യ നിർമാർജനം, സംസ്‌കരണം തുടങ്ങിയ മേഖലക ളിൽ തയ്യാറാക്കിയ കർമപദ്ധതിയാണ് തൊഴിലുറപ്പ് കൗൺസിൽ മുമ്പാകെ സമർപ്പിച്ചിരുന്നത്. നഗര തൊഴിലുറപ്പ് പദ്ധതിയിൽ ആധുനിക തൊഴുത്ത്, അസോള കുളങ്ങൾ, തീറ്റപ്പുൽകൃഷി എന്നിങ്ങനെ ക്ഷീരവികസന മേഖലയിലും സിമന്റ് കട്ട നിർമാണം, കിണർ നിർമാണം എന്നിങ്ങനെ പാർപ്പിടമേഖലയിലും നടപ്പാക്കിയ നഗരസഭയുടെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധേയമായിരുന്നു.
ഇരുവഴിഞ്ഞിപ്പുഴ തീരസംരക്ഷണത്തിനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു.
ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കിയ രാജ്യത്തെതന്നെ ആദ്യ നഗരസഭയാണ് മുക്കം. അംഗീകാരം ലഭിച്ച പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കൗൺസിലർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ എന്നിവർക്കുള്ള പരിശീലനങ്ങൾ നടത്തുമെന്നും സമയബന്ധിതമായി നിർമാണം നടത്തുമെന്നും നഗരസഭാ ചെയർമാൻ പി ടി ബാബു അറിയിച്ചു.