Sat. Nov 23rd, 2024

തൃക്കരിപ്പൂർ:

ഇടയിലക്കാട് തുരുത്തിനെ വെള്ളാപ്പുമായി ബന്ധിപ്പിച്ച് കരബന്ധം സാധ്യമാക്കിയ ബണ്ടിനു പകരം റോഡ് പാലം പണിയണമെന്നു ആവശ്യം. കാൽ നൂറ്റാണ്ട് മുൻപ് പണിത ബണ്ട് റോഡിലൂടെയാണ് നിലവിൽ ഗതാഗതം.കവ്വായി കായലിനെ തടഞ്ഞു നിർത്തി നിർമിച്ച ബണ്ട് നീരൊഴുക്ക് തടയുകയും പരിസ്ഥിതി ആഘാതമുയർത്തുകയും ചെയ്യുന്നതായി നേരത്തെ ആക്ഷേപമുണ്ട്.

ബണ്ട് പൊളിച്ചു നീക്കി പകരം റോഡ് പാലമുണ്ടാക്കിയാൽ മത്സ്യ സമ്പത്തിൽ പഴയകാലത്തേക്കു തിരിച്ചു പോകാൻ കവ്വായി കായലിനു കഴിയുമെന്ന അഭിപ്രായമുണ്ട്. നീരൊഴുക്ക് സുഗമമല്ലാത്തതിനാൽ മത്സ്യ സമ്പത്തിൽ കായലിനു സമീപകാലത്ത് വലിയ കോട്ടമുണ്ടായി. റോഡ് പാലം ആവശ്യപ്പെട്ട് നേരത്തെ വിവിധ സംഘടനകൾ രംഗത്തു വരികയുണ്ടായി.

നിലവിലുള്ള ബണ്ട് പൊളിച്ചു നീക്കി റോഡ് പാലം നിർമിച്ചാൽ നീരൊഴുക്ക് പുനഃസ്ഥാപിക്കാനും മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും കഴിയുമെന്നു സിപിഐ ഇടയിലക്കാട് ബ്രാഞ്ച് അഭിപ്രായപ്പെട്ടു. കെപി ഗിരിജ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം ഗംഗാധരൻ, കെ മധുസൂദനൻ, കെ ഗംഗാധരൻ, എം വിജയൻ എന്നിവർ പ്രസംഗിച്ചു.