Sat. Apr 27th, 2024
പൂച്ചാക്കൽ:

വേമ്പനാട് കായൽ സംരക്ഷണത്തിന് 100 കോടി രൂപയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കും. അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശേരി–പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആലോചനാ യോഗം ഇന്നലെ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

വേമ്പനാട് കായലിൽ മുൻപ് 15 മീറ്റർ ആഴമുണ്ടായിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ 5 മീറ്ററിൽ താഴെ മാത്രമേ ആഴമുള്ളൂ. ആഴം കൂട്ടി ജലസംഭരണ ശേഷി വർധിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി കായലിൽ ഡ്രജ് ചെയ്ത് മണൽ നീക്കം ചെയ്യും.

സംസ്ഥാന സർക്കാരിന്റെ 100 കോടി ബജറ്റ് തുകയോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തുകയും പദ്ധതിക്ക് ഉപയോഗിക്കും. അക്വാ ടൂറിസം, ഉത്തരവാദിത്ത ടൂറിസം,ഫാം ടൂറിസം തുടങ്ങിയ പദ്ധതികൾ ഇതോടൊപ്പം നടപ്പാക്കും. പദ്ധതിയുടെ ഒരുക്കങ്ങൾ നവംബറിൽ തുടങ്ങും.

‘വേമ്പനാട് കായൽ സംരക്ഷണത്തിന്റെ ഭാഗമായി കായൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കും. കായൽ സംരക്ഷണം സർക്കാരിന്റെ അഭിമാന പദ്ധതിയാണ്. ഇതിനു പ്രത്യേക പരിഗണനയാണ് സർക്കാർ ബജറ്റിൽ നൽകിയിരിക്കുന്നത്. കായലിലെ മത്സ്യങ്ങളുടെ അവാസ വ്യവസ്ഥ സംരക്ഷിക്കും. അനധികൃത മത്സ്യബന്ധനം തടയുന്നതിനും കർശന നടപടി സ്വീകരിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ട്.– മന്ത്രി സജി ചെറിയാൻ

By Divya