Wed. Jan 22nd, 2025

കണ്ണൂർ:

ചരിത്രപ്രസിദ്ധമായ വിളക്കുംതറ മൈതാനത്ത്‌ പട്ടാളം വേലികെട്ടി. കണ്ണൂർ സെന്റ് മൈക്കിൾസ്‌ ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിന്റെയും കെഎസ്‌ഇബി ഓഫീസിന്റെയും ഭാഗം ഒഴിച്ചുള്ള സ്ഥലത്താണ്‌ പുലർച്ചെ അഞ്ചരയോടെ‌ കണ്ണുർ ഡിഫൻസ്‌ സെക്യൂരിറ്റി കോപ്‌സിലെ (ഡിഎസ്‌സി) പട്ടാളക്കാർ വേലി കെട്ടാൻ തുടങ്ങിയത്‌. മൈതാനത്ത്‌ വേലികെട്ടുന്നത്‌ രാഷ്‌ട്രീയ പാർട്ടികളും നാട്ടുകാരും സ്‌കൂൾ അധികൃതരും കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. തുടർന്ന്‌ ഡോ വി ശിവദാസൻ എംപി പ്രതിരോധ മന്ത്രാലയവും കമാൻഡന്റുമായും നടത്തിയ ചർച്ചയിൽ‌ സ്‌കൂളിന്റയും കെഎസ്‌ഇബി ഓഫീസിന്റെയും ഭാഗം ഒഴിച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

തിങ്കളാഴ്‌ച രാവിലെ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സെന്റ്‌ മൈക്കിൾ സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടനാ നേതാക്കളായ സി ജയചന്ദ്രൻ, ഒ കെ വിനീഷ്‌ എന്നിവർ ഡിഎസ്‌സി കമാൻഡന്റ്‌ പുഷ്‌പേന്ദ്ര ജിഗ്വാളിനെ കണ്ടിരുന്നു. പുതിയ ഉത്തരവ്‌ വരുന്നതുവരെ സ്‌കൂളിൻറെ ഭാഗത്ത്‌ കമ്പിവേലി കെട്ടില്ലെന്ന്‌ കമാൻഡന്റ്‌ ഉറപ്പ്‌ നൽകി. ഭാവിയിൽ മുഴുവൻ സ്ഥലത്തും വേലി കെട്ടുന്ന സാഹചര്യമുണ്ടായാൽ സ്‌കൂളിൻറെ പ്രവേശന കവാടം ഒഴിവാക്കുന്ന കാര്യം പ്രതിരോധ മന്ത്രാലത്തിൻറെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം സെന്റ്‌ മൈക്കിൾസ്‌ സ്‌കൂൾ പ്രിൻസിപ്പൽ ഫാ ജോൺ ഫ്രാൻസിസ്‌, മാനേജർ ഫാ ജോസഫ്‌ കല്ലപ്പള്ളി എന്നിവരെയും കമാൻഡന്റ്‌ ധരിപ്പിച്ചു. ഡിഎസ്‌സി ലാൻഡ്‌ ഓഫീസർ കേണൽ കെ ഗൗതമിന്റെ നേതൃത്വത്തിലാണ്‌ വേലി കെട്ടിയത്‌.
ഡിഎസ്‌സി നടപടിക്കെതിരെ പൂർവ വിദ്യാർത്ഥി സംഘടന നൽകിയ കേസ്‌ പരിഗണിക്കുന്നത്‌ ഹൈക്കോടതി ഒരാഴ്‌ചത്തേക്ക്‌ നീട്ടി. പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ വിഷയം അടുത്ത ദിവസം തന്നെ നേരിട്ട്‌ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

സെന്റ്‌ മൈക്കിൾസ്‌ സ്‌കൂളിലെത്താനുള്ള ഏക വഴി വിളക്കുംതറ മൈതാനത്തിലൂടെയാണ്‌. 2500 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്‌. സ്‌കൂൾ വാഹനം പാർക്ക്‌ ചെയ്യുന്നത്‌ മൈതാനിയിലാണ്‌.  രണ്ട്‌ വർഷം മുമ്പ്‌ പട്ടാളം മൈതാനം അടക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു.  ഇതിന്‌  ശേഷം നിയന്ത്രണം കർശനമാക്കി. പൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന സ്ഥലം അടുത്തിടെയാണ്‌  നിർമാണ പ്രവർത്തനം നടത്തുന്ന എ വൺ ഭൂമിയായി  പ്രഖ്യാപിച്ചത്‌. ഇതിന്‌ മുമ്പ്‌ നിർമാണം നടത്താൻ പാടില്ലാത്ത ബി ഫോർ ലാൻഡായിരുന്നു.