Sun. Dec 22nd, 2024
കോവിഡ് കാലത്ത് ഉപജീവന മാർഗങ്ങൾ ഇല്ലാതെ, അനൂകുല്യങ്ങൾ ഇല്ലാതെ വലയുന്ന ഒരു കൂട്ടർ: ഹോംസ്റ്റേ വ്യവസായികൾ

ആളൊഴിഞ്ഞ ഹോംസ്റ്റേകൾ, ഇത് ആൻ്റണിയുടെ കഥ

ണ്ട് മക്കളും ഭാര്യയും അടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് 55 വയസ്സു കാരനായ ആന്റണിയുടേത്. ഏഴ് വർഷം മുൻപ് ആലപ്പുഴ മുൻസിപ്പൽ കൗൺസിലർ ആയിരുന്ന ആന്റണി നാല് വർഷമായി ഹോംസ്റ്റേ നടത്തി വരുന്നു. ആദ്യം സോലെയ്സ് ഹെറിറ്റേജ് ഹോംസ്റ്റേ (Solace Heritage Homestay) നടത്തി വന്ന് ആന്റണി പിന്നീട് ഹൗസ്ബോട്ട് നിർംമാണ മേഖലയിൽ തന്റെ പ്രവർത്തനം തുടർന്നു. അതിന് ശേഷമാണ് വിജയ പാർക്കിന്റെ വടക്ക് വശം, കട്ടാമരം കഫേയ്ക്ക് സമീപം എല്ലാറ ബീച്ച് വ്യൂ (Elara Beach View) ഹോംസ്റ്റേ ആരംഭിക്കുന്നത്. 

ടൗട്ടെ ചുഴലിക്കാറ്റിൽ നശിച്ച പോയ എല്ലാറ ഹോംസ്റ്റേയുടെ ഭാഗങ്ങൾ

ആലപ്പുഴയിൽ ആന്റണി നടത്തുന്ന എല്ലാറ ബീച്ച് വ്യൂ ഹോംസ്റ്റേ (Elara Beach View HomeStay) 2018 ലെ പ്രളയത്തിനു ശേഷം ശരിയായി പ്രവർത്തിച്ചിട്ടില്ല. കടൽത്തീരം അഭീമുഖീകരിച്ചുള്ള മൂന്ന് മുറിയുള്ള ഹോംസ്റ്റേ ഒരു കുടുംബത്തിന് ജീവിക്കാനുള്ളത് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ ഇദ്ദേഹത്തിന് ഹോംസ്‌റ്റേയിൽ അതിഥികൾ വന്നത് ഒന്നരമാസം മാത്രം. കോവിഡ് ഭീതി ഒഴിഞ്ഞ് ഡിസംബർ ജനുവരി മാസങ്ങളിലാണ് സഞ്ചാരികൾ എത്തിച്ചേർന്നത്. ഈ സമയത്ത് നാല് മുറികളും ബുക്കും ചെയ്തിരുന്നു.

ഈ ഒന്നര മാസത്തെ വരുമാനത്തിലാണ് സ്റ്റാഫിനും മറ്റ് ചിലവുകൾക്കുമായി ഇദ്ദേഹം പണം കണ്ടെത്തിയത്. അതിന് ശേഷം അന്തർസംസ്ഥാന യാത്രകൾ നിർത്തിയതോടെ സഞ്ചാരികളുടെ എണ്ണം തീർത്തും കുറഞ്ഞു. സ്റ്റാഫ് ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. ഹോംസ്റ്റേ ആയത് കൊണ്ട് തന്നെ വീട്ടിൽ എല്ലാവരും ഒത്തുചേർന്നാണ് ഇത് നടത്തിക്കൊണ്ട് പോയത്. എന്നാൽ ഇപ്പോൾ  ആരുമില്ല. ഉടമസ്ഥൻ ആന്റണിയും ഒരു സഹായിയുമാണ് ഇപ്പോൾ മുറികൾ വൃത്തിയാക്കാനും മറ്റും ഹോംസ്റ്റേയിലേയ്ക്ക് പോകുന്നത്. 

എല്ലാറ ബീച്ച് ഹോംസ്റ്റേ ടൗട്ടെ ചുഴലിക്കാറ്റിന് മുൻപും ശേഷവും

വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ വരുന്ന സ്ഥലമായത് കൊണ്ട് ആലപ്പുഴയിൽ ഹോംസ്റ്റേ നടത്താൻ നാല് വർഷം മുൻപ് തീരുമാനിക്കുകയായിരുന്നു ആന്റണി. കോവിഡ് കാലത്തും സർക്കാർ വക യാതൊരുവിധ ആനുകൂല്യങ്ങളും ഇവർക്ക് അനുവദിച്ചിട്ടില്ല. അതിനു പുറമെയാണ് ടൗട്ടെ ചുഴലിക്കാറ്റ് മൂലമുള്ള നഷ്ടങ്ങൾ ആന്റണിയെ തേടി എത്തിയത്. ചുഴലിക്കാറ്റ് ശക്തമായി വീശിയതിനെ തുടർന്ന് സഞ്ചാരികൾക്കായി നിർമ്മിച്ച മുളകൊണ്ടുള്ള വീടുകളാണ് കാറ്റെടുത്തുത്. 

വലിയ തോതിൽ വിനോദസഞ്ചാരികളുടെ ശ്രദ്ധയും സ്വീകാര്യതയും നേടിയ കേരളത്തിലെ നൂതനമായ നിരവധി സമ്പ്രദായങ്ങളിലൊന്നാണ് ഹോം സ്റ്റേ. നിരവധി ആളുകൾക്ക്, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, സ്ഥിരമായ വരുമാന മാർഗ്ഗമാണ് ഹോംസ്റ്റേകൾ.

ആന്റണിയുടെ എല്ലാറ ഹോംസ്റ്റേ ചുഴലിക്കാറ്റ് എടുത്ത നിലയിൽ

കഴിഞ്ഞ ഫെബ്രുവരിയിൽ ടാക്സ് അടച്ച് ലൈസൻസ് പുതുക്കിയതാണ് അപ്പോഴാണ് കോവിഡും ലോക്ക്ഡൗണും എത്തിയത്. ഈ വർഷവും ഇത് തന്നെയായിരുന്നു അവസ്ഥ. ഫെബ്രുവരി 28ന് മുൻപ് നികുതി അടച്ചില്ലെങ്കിൽ ലൈസൻസ് ലഭിക്കില്ലെന്നതിനാൽ സഞ്ചാരികൾ ഇല്ലാതിരുന്നിട്ടും നികുതി തുക മുനിസിപ്പാലിറ്റിയിൽ അടച്ചതായും അദ്ദേഹം പറഞ്ഞു.

കേരളം ടൂറിസം നൽകുന്ന മാർഗനിർദേശപ്രകാരം ക്ലാസ് എ (ഡയമണ്ട് ഹൗസ്), ക്ലാസ് ബി (ഗോൾഡ് ഹൗസ്), ക്ലാസ് സി (സിൽവർ ഹൗസ്) എന്നിവ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്കോർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സർട്ടിഫിക്കേഷനായി കേരളത്തിലെ ഹോംസ്റ്റേകളെ മൂന്നായി തിരിച്ചിരിക്കുന്നു. വർഗ്ഗീകരണം പ്രവർത്തനക്ഷമമായ ഹോം സ്റ്റേകൾക്ക് മാത്രമായിരിക്കും, ഇത് ഓരോ രണ്ട് വർഷത്തിലും പുതുക്കേണ്ടതുണ്ട്. 

ഹോംസ്റ്റേ യൂണിറ്റുകൾക്കായുള്ള വർഗ്ഗീകരണം ഉടമയുള്ള കേരളത്തിലെ ഹോംസ്റ്റേകൾക്കായി മാത്രമേ നൽകൂ. വർഗ്ഗീകരണത്തിനോ പുനർ‌വിജ്ഞാപനത്തിനോ നൽകേണ്ട അപേക്ഷാ ഫീസ് ഇങ്ങനെയാണ് ക്ലാസ് എ (ഡയമണ്ട് ഹൗസ്) 3000, ക്ലാസ് ബി (ഗോൾഡ് ഹൗസ്) 2000, ക്ലാസ് സി (സിൽവർ ഹൗസ്) 1000 അപേക്ഷിച്ച വിഭാഗത്തേക്കാൾ വലുതോ ചെറുതോ ആയ ക്ലാസ് കമ്മിറ്റിയ്ക്ക് ശുപാർശ ചെയ്യാം. അപേക്ഷിച്ചതിനേക്കാൾ ഉയർന്ന ക്ലാസ് ലഭിച്ചാൽ, അപേക്ഷകൻ ആവശ്യമായ ഫീസ് നിക്ഷേപിക്കണം. എന്നിരുന്നാലും, താഴ്ന്ന വിഭാഗത്തിന്റെ കാര്യത്തിൽ, അധിക ഫീസ് മടക്കിനൽകുകയുമില്ല.  

 

സർക്കാർ തിരിഞ്ഞു നോക്കാത്ത ഹോംസ്റ്റേകൾ, റീത്താസ് ഹോംസ്റ്റേ

തിരുവനന്തപുരം ജില്ലയിൽ വർക്കലയിൽ ഹെലിപാഡിന് സമീപമാണ് റീത്ത നടത്തുന്ന റീത്താസ് ഹോംസ്റ്റേ (Rita’s Homestay). വർക്കല കടൽ സൗന്ദര്യത്തിൽ കേരളത്തിൽ തന്നെ മികച്ച ഒരു സഞ്ചാര കേന്ദ്രമായി സഞ്ചാരികൾ കണക്കാക്കുന്നു. വർക്കല കടൽത്തീരത്തോട് വളരെ അടുത്തുള്ള ഹോംസ്റ്റേയാണ് റീത്തയുടേത്.  ഇവിടെയും കഴിഞ്ഞ വർഷം വിദേശികൾ ആരും തന്നെ എത്തിയിരുന്നില്ല. 

തിരുവനന്തപുരത്ത് വർക്കലയ്ക്ക് സമീപമുള്ള റീത്താസ്

ഇന്ത്യയിൽ നിന്നും, തമിഴ് നാട്ടിൽ നിന്നും, പിന്നെ മലയാളികളുമാണ് ഇവിടെ സഞ്ചാരികളായി എത്തിച്ചേർന്നിരുന്നത്. കോവിഡ് സാരമായി ബാധിച്ചതിനാൽ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് നേരിടുന്നത്. ഈ വർഷം ലോക്ക്ഡൗണിന് മുൻപ് മലയാളികൾ മാത്രമാണ് വന്നിരുന്നത്. ഇപ്പോൾ അതും ഇല്ലാത്തതിനാൽ നഷ്ടത്തിലാണ് എന്ന് ഉടമസ്ഥ റീത്ത പറയുന്നു. സഞ്ചാരികൾ ഇല്ലാത്തതിനാൽ ശമ്പളം നൽകി ജോലിക്കാരെ കൂടെ നിർത്തി ഹോംസ്റ്റേ നടത്തിക്കൊണ്ട് പോകാൻ സാധിക്കാത്തതിനാൽ ഇപ്പോൾ അവിടെ ജോലിക്കാർ ആരും തന്നെ ഇല്ലെന്നും റീത്ത പറയുന്നു. 

സർക്കാർ വക യാതൊരു ആനുകൂല്യങ്ങളോ പദ്ധതികളോ ലഭിക്കുന്നില്ല എന്ന് പരാതിപ്പെടുന്നതിനൊപ്പം ലോക്ക്ഡൗൺ മാറിയാൽ ശനി ഞായർ ദിവസങ്ങളിൽ സഞ്ചാരികൾ എത്തിച്ചേരും എന്ന പ്രതീക്ഷയും ഇവർ മുൻ നിർത്തുന്നു. പക്ഷെ ലോക്ക്ഡൗൺ മാറിയത് കൊണ്ട് മാത്രം ആയില്ല. കടൽത്തീരം സഞ്ചാരികൾക്കായി തുറന്നു കൊടുക്കണം. ഒപ്പം തന്നെ ഭക്ഷണ ശാലകളും. എന്നിരുന്നാൽ മാത്രമേ ഹോംസ്റ്റേ വീണ്ടും പഴയ പോലെ പുനരാരംഭിക്കാൻ ആകൂ എന്നാണ് റീത്ത പങ്കുവെയ്ക്കുന്ന ആശങ്ക.

കടലും കായലും ഒത്തിണങ്ങുന്ന ദൃശ്യം ആലപ്പുഴ സഞ്ചാരികൾക്കായി ഒരുക്കുമ്പോൾ മലയോര കാഴ്ചകളും മഞ്ഞും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളും ഒത്തിണങ്ങിയ കാഴ്ചകളാണ് ഇടുക്കി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് . അതുകൊണ്ട് തന്നെ ടൂറിസം കൊണ്ട് ജീവിക്കുന്ന ഒരു വിഭാഗം ആളുകൾ ഇടുക്കി ജില്ലയിലും ഉണ്ട്. പ്രത്യേകിച്ച് മൂന്നാർ, കുമളി ഭാഗങ്ങളിൽ. 

മുന്നാറിൽ തുല്യദുഖിതനായി മോഹൻ

ഹോംസ്റ്റേ രംഗത്ത് 2018 പ്രളയം മുതൽ ഇപ്പോൾ പിന്നോക്ക അവസ്ഥയാണ് എന്ന് മുന്നാറിൽ നല്ലതണ്ണിയ്ക് സമീപം ഫാമിലികെയർ ഹോംസ്റ്റേ (Familycare Homestay) നടത്തുന്ന മോഹൻ കുമാർ പറയുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച കോവിഡ് മഹാമാരിയ്ക്ക് ശേഷം സഞ്ചാരികൾ എത്തിച്ചേർന്നത് നവംബർ ഡിസംബർ മാസങ്ങളിൽ മാത്രമാണ് എന്നാണ് ഉടമസ്ഥൻ കൂടെയായ മോഹൻ കുമാർ പറയുന്നത്.  ആറ് മുറികൾ വരെയുള്ളതാണ് ഹോംസ്റ്റേ ആയി കണക്കാക്കുന്നത്. ഇതിനായി ടൂറിസം ഡിപ്പാർട്ട്മെന്റിലേയ്ക്ക് രണ്ട് വർഷം കൂടുമ്പോൾ ഏഴായിരം മുതൽ എണ്ണായിരം രൂപ വരെ നൽകിയാണ് ലൈസൻസ് നിലനിർത്തുന്നത്.

മുന്നാറിൽ നല്ലതണ്ണിയ്ക് സമീപം ഫാമിലികെയർ ഹോംസ്റ്റേ

 പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കാൻ മൂവായിരത്തി അഞ്ഞൂറ് രൂപയാണ് നൽകേണ്ടത്. ഇത് വർഷാവർഷം പുതുക്കുകയും വേണം. പോലീസ് ക്ലിയറൻസിനായി അഞ്ഞൂറ്റി അമ്പത് രൂപയും നൽകണം.  ഇതും വർഷം തോറും പുതുക്കണം. ലൈസൻസ് എടുക്കാൻ മാത്രം ഇത്രയും രൂപ ചിലവാക്കുമ്പോഴും സഞ്ചാരികൾ എത്തിച്ചേരാതെ ഹോംസ്റ്റേകൾ ബുദ്ധിമുട്ടിലാണ് എന്ന് മൂന്നാറിൽ നിന്നും മോഹൻ കുമാർ പറയുന്നു.

ലോക്ക്ഡൗൺ കാലയളവിൽ ടൂറിസം മേഖലയെയും പങ്കാളികളെയും സഹായിക്കാൻ ഒരു ടൂറിസം വെൽഫെയർ ഫണ്ട് ബോർഡ് രൂപീകരിക്കാൻ കേരള ഹോംസ്റ്റേയും ടൂറിസം സൊസൈറ്റിയും 2020 ഏപ്രിലിൽ സർക്കാരിനെ സമീപിച്ചിരുന്നു.  ഹോംസ്റ്റേ, സർവീസ് വില്ലാസ്, ഫാം ടൂറിസം ഓപ്പറേറ്റർമാരുടെയും ചെറുകിട ടൂറിസം ഓപ്പറേറ്റർമാരെയും അസോസിയേഷനിൽ ഉൾപ്പെടുത്താൻ ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  

മുന്നാറിലെ മോഹന്കുമാറിന്റെ ഹോംസ്റ്റേ

2020 ഏപ്രിൽ 26ന് ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന ലേഖന പ്രകാരം പ്രതിവർഷം 35000 കോടി വരുമാനം ലഭിക്കുന്ന ടൂറിസം മേഖല ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണെന്ന് ടൂറിസം വെൽഫെയർ ഫണ്ട് ബോർഡ് ഡയറക്ടർ എം പി ശിവദത്തൻ പറഞ്ഞതായി സൂചിപ്പിക്കുന്നു. സ്വന്തം വീട്ടിൽ ഹോംസ്റ്റേ നടത്തുന്നവർ ഉൾപ്പെടെ നിരവധി പേർ അവരുടെ ദൈനംദിന ജീവിതത്തിനായി വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചിരിക്കുന്നു. പ്രതിസന്ധിയെ അതിജീവിക്കാൻ മറ്റ് മേഖലകൾ അതിന്റെ അംഗങ്ങൾക്ക് ക്ഷേമനിധി നൽകുന്നുണ്ട്.  ഇവയൊന്നും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്നില്ല എന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. 

അഞ്ഞൂറോളം ക്ലാസിഫൈഡ് ഹോംസ്റ്റേകളും ആയിരത്തിലധികം നോൺ ക്ലാസിഫൈഡ് ഹോംസ്റ്റേകളും സർവീസ്ഡ് വില്ലകളും സംസ്ഥാനത്തുണ്ട്. സംസ്ഥാന ക്ഷേമ ഫണ്ട് ബോർഡ് തുറക്കാനും ഉത്തരവാദിത്തമുള്ള ടൂറിസം ദൗത്യം നടപ്പാക്കുന്നത് സംബന്ധിച്ച് ഒരു കത്ത് അന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ചിരുന്നതായും ലേഖനത്തിൽ സൂചിപ്പിക്കുന്നു.

തുടർക്കഥകളായി മറ്റുള്ളവർ

ആലപ്പുഴയിൽ സീ വ്യൂ വാർഡിൽ  തോമസ് ബീച്ച് ഹോംസ്റ്റേ (Thomas Beach Homestay) നടത്തുന്ന തോമസ് തന്റെ 96 വയസുള്ള അമ്മ കൂടെ ഉള്ളതിനാൽ അതീവ ജാഗ്രതയോട് കൂടെയാണ് കോവിഡ് കാലത്ത് അതിഥികളെ സ്വീകരിച്ച് ഹോംസ്റ്റേ നടത്തികൊണ്ടിരുന്നത്. എന്നാൽ കോവിഡ് വന്നതോടു കൂടെ ബിസിനസ് സീറോയാണെന്നും റൂമുകളുടെ പരിപാലനത്തിനും മറ്റും പണം ആവശ്യമായി വരുന്നു എന്നും തോമസ് പറയുന്നു. അറുപത് ശതമാനം വാണിജ്യ നികുതിയായി അടയ്‌ക്കേണ്ടതുണ്ട്. ഇത് വെറുതെ കിടക്കുകയാന്നെങ്കിൽ പോലും നികുതിപ്പണം അടയ്ക്കണം എന്നാണ് തോമസ് പറയുന്നത്. 

ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തിച്ചേർന്നിരുന്നത്. അന്തർസംസ്ഥാന യാത്ര നിർത്തലാക്കിയപ്പോൾ ഇവർ വരാതെയായ. പിന്നീട് കേരളത്തിലെ ഐടി മേഖലയിലുള്ളവർ ആയിരുന്നു പ്രധാന സഞ്ചാരികൾ. ഇവരുടെ ബുക്കിങ്ങുകൾ എല്ലാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടു കൂടെ റദ്ദായി. റൂമുകൾ വൃത്തയാക്കാനായി ഒരു സ്ത്രീ വന്നിരുന്നതായും എന്നാൽ സഞ്ചാരികൾ ഇല്ലാത്തതിനാൽ അവർ ജോലി ഉപേക്ഷിച്ച് പോയതായും ഉടമസ്ഥൻ തോമസ് പറയുന്നു.

ആലപ്പുഴയിലെ മരിയ ഹോംസ്റ്റേ (Mariya Homestay) വീടിനോട് ചേർന്നാണ് ഹോംസ്റ്റേ നടത്തുന്നത് ഹോംസ്റ്റേ ഉള്ളതിനാൽ ഇവർക്ക് വെള്ളത്തിന്റെ കരം സാധാരണ നിരക്കിലും അധികമാണ് അടയ്‌ക്കേണ്ടത്. മാസം ഇത് 800 മുതൽ 1000 വരെ പോകുമെന്ന് ഉടമസ്ഥൻ പറയുന്നു. സാധാരണ നിരക്ക് വരാൻ ഹോംസ്റ്റേ അല്ല എന്ന് എഴുതിക്കൊടുക്കണം.

 സഞ്ചാരികൾ ഇല്ലാതെ ഹോംസ്റ്റേ അടഞ്ഞു കിടക്കുകയാണെങ്കിലും ഈ നിരക്കുകൾ നൽകേണ്ടി വരുന്നു. വരുമാനം ലഭിക്കാത്ത ഈ സാഹചര്യത്തിലും  കെട്ടിട നികുതി രണ്ട് മുറിയ്ക്ക് മൂവായിരം രൂപ എന്ന നിരക്കിൽ നൽകി വരുന്നു. അടഞ്ഞു കിടക്കുന്ന റൂമുകൾ പരിപാലിക്കാനും ഇക്കൂട്ടർ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും മരിയ ഹോംസ്റ്റേയുടെ ഉടമസ്ഥൻ വോക്ക് മലയാളത്തിനോട് പറഞ്ഞു. 

വർഷാവർഷം മീറ്റിംഗ് വെയ്ക്കുന്ന ഹോംസ്റ്റേ സംഘടനയായ ഹാറ്റ്സ് HATS നിലവിൽ പ്രവർത്തനരഹിതമാണെന്നും ആയതിനാൽ യാതൊരു വിധ ആനുകൂല്യങ്ങളും ഈ മേഖലയിൽ ലഭിക്കുന്നില്ലെന്നും ഇദ്ദേഹം പരാതിപ്പെടുന്നു.

ആന്റണിയും തോമസും റീത്തയും എല്ലാം കേരളത്തിൽ ഹോംസ്റ്റേ നടത്തുന്നവരുടെ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇവർ ആശ്രയിക്കുന്ന നിരവധി മേഖലകൾ ഉണ്ട്.  ഇവയൊക്കെ തുറന്നു കൊടുത്താൽ മാത്രമേ ഇക്കൂട്ടർക്ക് വരുമാനം ലഭിക്കുകയുള്ളു. ഈ ജനതയോട് മുഖം തിരിച്ചുള്ള നടപടികളും പദ്ധതികളുമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. 

ഇങ്ങനെ ഒരു വിഭാഗം ജനങ്ങൾ കേരളത്തിൽ ജീവിക്കുന്നത് മറന്ന് പോയോ? 

(Part 2 – ഹോംസ്റ്റേകളുടെ വരുമാനം, തുടക്കം, അവസ്ഥയെക്കുറിച്ച് അടുത്ത ഭാഗം)