കണ്ണൂർ:
അഴീക്കൽ വഴി സ്ഥിരം ചരക്കു നീക്കമെന്ന സ്വപ്നത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ബ്രിട്ടിഷുകാർ എത്തുന്നതിനു മുൻപേ തുറമുഖ സാധ്യത പ്രയോജനപ്പെടുത്തിയ തീരമായിരുന്നു അഴീക്കലിലേത്. അറയ്‌ക്കൽ രാജവംശവുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടിരുന്ന അറബികളും ലക്ഷദ്വീപുകാരുമായിരുന്നു ആദ്യകാലത്തു തുറമുഖത്തിന്റെ മുഖ്യ ഉപയോക്‌താക്കൾ.
സ്വാതന്ത്ര്യത്തിനു ശേഷം തിരക്കേറിയ തുറമുഖമാകുമെന്നു പ്രതീക്ഷിച്ചെങ്കിലും പല കാരണങ്ങളാൽ അഴീക്കൽ തഴയപ്പെട്ടു.അഴീക്കലിൽ നിന്നു മുടങ്ങാതെ ചരക്ക് സർവീസ് ഉറപ്പു നൽകിയാണ് റൗണ്ട് ദ കോസ്റ്റ് കടന്നുവന്നിരിക്കുന്നത്. പ്രതീക്ഷ അസ്ഥാനത്താവില്ലെന്നു സൂചിപ്പിക്കുന്ന തരത്തിലാണ് കണ്ടെയ്നർ ബുക്കിങ്ങിനായി ഈ ദിവസങ്ങളിൽ എത്തിയ അന്വേഷണങ്ങൾ.
മറ്റു മൂന്നു കമ്പനികൾകൂടി അഴീക്കലിൽ നിന്നു സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായി കഴിഞ്ഞ ദിവസം തുറമുഖത്ത് എത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. കസ്റ്റംസ്, എമിഗ്രേഷൻ സൗകര്യങ്ങൾ താൽക്കാലികമായി ലഭ്യമാക്കിയാണ് പരിശോധനകൾ പൂർത്തിയാക്കിയത്.
അഴീക്കൽ വഴി സർവീസ് നടത്താൻ എത്തുന്ന കപ്പലിൻറെ പേര് ഹോപ് സെവൻ എന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.എന്നാൽ ഇന്നലെ എത്തിയ കപ്പലിന്റെ പേര് ചൗഗ്ലെ 8. ചൗഗ്ലെ എന്ന പേരിൽ റജിസ്ട്രർ ചെയ്ത ഈ കപ്പലിന്റെ പേര് ഹോപ് സെവൻ എന്നാക്കി മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാവുന്നതേയുള്ളൂ എന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു.