കണ്ണൂർ:
പരമ്പരാഗത മത്സ്യമേഖലയായ കാട്ടാമ്പള്ളിയിൽ നൂതനമത്സ്യകൃഷിയുടെ വിജയഗാഥ. വള്ളുവൻകടവ് പ്രദേശത്ത് കായലോരം സംഘകൃഷി കൂട്ടായ്‌മ നടത്തിയ കൂട് മത്സ്യകൃഷിയാണ് വല നിറയെ വിജയം നേടിയത്. ഫിഷറീസ് വകുപ്പിൻറെ പ്രത്യേക പദ്ധതിയിൽ സർക്കാരിൻറെ സാമ്പത്തിക സാങ്കേതിക സഹായത്തോടെയാണ് കൃഷി നടത്തുന്നത്.
സംരംഭത്തിന് അഞ്ച് ശതമാനം തുകയാണ് അംഗങ്ങൾ ചെലവഴിച്ചത്. ബാക്കി ഫിഷറീസ് വകുപ്പ് നൽകി. 2019ലാണ് സംഘം കൂട് കൃഷി സംരംഭത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. കൃഷിക്കായുള്ള സജജീകരണങ്ങളെല്ലാം സംഘാംഗങ്ങൾ ചെയ്‌തു.
കൂടും മീൻ കുഞ്ഞുങ്ങളും തീറ്റയും ഫിഷറീസ് വകുപ്പ് നൽകി. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി വിളവെടുത്ത് വിറ്റത്. മായം കലരാത്ത മത്സ്യം നാട്ടിൽ വൻ ഡിമാൻഡോടെ വിറ്റുതീർന്നു. കരിമീൻ, വളോടി, കാളാഞ്ചി എന്നിവയാണ് വളർത്തുന്നത്.
കരിമീൻ കിലോയ്‌ക്ക് 400 രൂപയും കാളാഞ്ചിക്ക് 500നും 555നുമിടയിലും വളോടി 300നും 350നുമിടയിലുമാണ് വില. ഓൺലൈൻ വഴി മൊത്തക്കച്ചവടക്കാർക്കാണ് ഭൂരിഭാഗം മത്സ്യവും വിൽക്കുന്നത്. നാട്ടുകാർക്കും മത്സ്യമെത്തിക്കാറുണ്ട്. പത്തു പേരുള്ള സംഘത്തിന്റെ പ്രസിഡന്റ് പി ശിവദാസനും സെക്രട്ടറി കെപി സുനിലുമാണ്.
മായം കലരാത്ത മത്സ്യം വിൽക്കാനാവുന്നുവെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് സംഘം പ്രസിഡന്റ് പി ശിവദാസൻ പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഞങ്ങൾക്ക് ഓരോരുത്തർക്കും മെച്ചപ്പെട്ട വരുമാനം ഇതിൽനിന്ന് ലഭിക്കുന്നുണ്ട്. മത്സ്യക്ഷാമം നേരിടുന്ന കാലത്ത് കൂടുതൽപേർ നാട്ടിലുണ്ടാകുന്ന മത്സ്യം തേടിയെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.