Fri. Nov 22nd, 2024

ഫറോക്ക്:

ചരിത്രത്തിലാദ്യമായി ബേപ്പൂർ തുറമുഖം വഴി ചരക്ക് കണ്ടെയിനർ രാജ്യാതിർത്തി കടക്കുമ്പോൾ തെളിയുന്നത് മലബാറിൻറെ അനന്ത വികസന സാധ്യതകൾ. ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള സർക്കാർ പരിശ്രമവും വ്യാപാര വാണിജ്യ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കും. ജലമാർഗമുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാരിൻറെ പ്രഖ്യാപിത ലക്ഷ്യമാണ്‌ പ്രാവർത്തികമാക്കിയത്.

തുടക്കത്തിൽ കൊച്ചി-ബേപ്പൂർ–അഴീക്കൽ തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ഹ്രസ്വദൂര സർവീസായാണ് കണക്കാക്കിയത്‌. എന്നാൽ ആദ്യ വരവിലേ ബേപ്പൂരിൽ നിന്നും അഴീക്കലിൽ നിന്നും വിദേശത്തേക്ക് ചരക്കു കയറ്റി അയക്കാനായത് നേട്ടമായി. ഇതോടെ ബേപ്പൂർ തുറമുഖം വഴി രാജ്യാന്തര ചരക്ക് കപ്പൽ ഗതാഗതത്തിനാണ് അതിവേഗം കളമൊരുങ്ങിയത്.

1974 ഏപ്രിൽ 24ന് കമ്മീഷൻ ചെയ്ത ചെറുകിട വാണിജ്യ തുറമുഖമായ ബേപ്പൂരിൻറെ വികസന സാധ്യതകൾ കണ്ടറിഞ്ഞാണ് എൽഡിഎഫ്‌ സർക്കാർ പുതിയ വികസന പദ്ധതികളും നടപ്പാക്കാനൊരുങ്ങുന്നത്. വൈകാതെ വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ തുടർച്ചയായ ചരക്കുനീക്കവും യാത്ര, വിനോദ സഞ്ചാര കപ്പൽ സർവീസുകളും ആരംഭിക്കും. ഇതിന് മുന്നോടിയായാണ് തുറമുഖം ഐഎസ്‌പിഎസ് കോഡിന് കീഴിൽ അതീവ സുരക്ഷയും അത്യാധുനിക സൗകര്യങ്ങളുമുള്ള അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുന്നത്.

“ക്ലീൻ ആൻഡ്‌ ഗ്രീൻ പോർട്ട്’ എന്ന സങ്കൽപ്പവും സാക്ഷാത്കരിക്കും. തുറമുഖത്തെ സംവിധാനങ്ങൾ വർധിക്കുന്നതോടെ വിദേശ ഇന്ത്യൻ കപ്പലുകളെ മലബാർ തീരത്തേക്ക് ആകർഷിച്ച് നേട്ടമുണ്ടാക്കാനാകുമെന്നും കണക്കുകൂട്ടി സംസ്ഥാന മാരിടൈം ബോർഡ് തുറമുഖ വികസനത്തിനായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്‌. തുറമുഖ വികസനത്തിനൊപ്പം റെയിൽ – റോഡ് ബന്ധം സുഗമമാക്കുന്നതിനായി റെയിൽവേയുടെ ഐപിആർസിഎലിനെ ഏൽപ്പിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി. 
  
കപ്പൽ ചാലും വാർഫ് ബേസിനും ആഴം 11 മീറ്ററാക്കാനും തീരുമാനിച്ചിട്ടുണ്ട് . ഇതിനായി 60 കോടി രൂപ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. തുറമുഖത്തെ ബന്ധിപ്പിച്ച്‌ ഹൈ സ്പീഡ് പാസഞ്ചർ കം കാർഗോ ഫെറി വെസൽ സർവീസും മാരിടൈം ബോർഡ് വിഭാവനം ചെയ്യുന്നു.
.