പരപ്പനങ്ങാടി:
പരപ്പനങ്ങാടിയിൽ അനധികൃത കാളപൂട്ട്.സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ കാളപൂട്ട് നടത്തിയതിന് 20 പേർക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. അറ്റത്തങ്ങാടിയിലെ കാളപൂട്ട് കേന്ദ്രത്തിലാണ് നിരവധി ആളുകളെ പങ്കെടുപ്പിച്ച് വ്യാഴാഴ്ച കാളപൂട്ട് നടന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ മറികടക്കാൻ പരിശീലനമെന്ന വ്യാജേനയായിരുന്നു പൂട്ട്. വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി ടീമുകൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും ഇവയെ നയിക്കുന്നവർ മാസ്ക് ധരിക്കാതെയും രംഗത്തെത്തിയതോടെ പ്രതിഷേധമുയരുകയായിരുന്നു.
മഞ്ചേരി, കൊണ്ടോട്ടി, കൽപകഞ്ചേരി, വളാഞ്ചേരി, എടപ്പാൾ, പൊന്നാനി മുതലായ സ്ഥലങ്ങളിൽ നിന്നായി ഒട്ടേറെ കന്നുകളെ മത്സരത്തിനെത്തിച്ചതായി പൊലീസിന് വിവരം ലഭിച്ചു. രാവിലെ എട്ട് മുതൽ തുടങ്ങിയ കാളപൂട്ട് 11 മണിയോടെ പൊലീസ് എത്തി നിർത്താനാവശ്യപ്പെടുകയായിരുന്നു.