പുൽപ്പള്ളി:
മുള്ളൻകൊല്ലി പഞ്ചായത്തിലെ മാടൽ, കടുപ്പിൽ കവല പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ കേന്ദ്രമായ ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ കാട്ടാന പരത്തിനാൽ പ്രവീൺ, കരിമാംകുന്നേൽ പ്രവീൺ, തൈപറമ്പിൽ ബൈജു എന്നിവരുടെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, വാഴ, ഇഞ്ചി ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് നശിപ്പിച്ചത്.
കാട്ടാനയെ വനപാലകർ പടക്കം പൊട്ടിച്ചും മറ്റുമാണ് തുരത്തിയത്. സന്ധ്യമയങ്ങിയാൽ ആനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. വനാതിർത്തിയിൽ പ്രതിരോധ സംവിധാനങ്ങളൊന്നുമില്ല. വർഷങ്ങൾക്കുമുമ്പ് നിർമിച്ച ട്രഞ്ചും ഫെൻസിങ്ങുമെല്ലാം തകർന്ന നിലയിലാണ്. മുള്ളൻകൊല്ലി ടൗണിൽ നിന്നു അധികദൂരത്തല്ല ഈ പ്രദേശം.
വന്യമൃഗശല്യത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുള്ളൻകൊല്ലി മാടലിൽ കാട്ടാന ധാരാളം കൃഷികളും നശിപ്പിച്ചിട്ടുണ്ട്.