Fri. Nov 22nd, 2024

നിലമ്പൂർ :

ഗദ്ദാമയുടെ ദുരിതനാളുകളിൽനിന്നാണ്‌‌ സൗജത്ത്‌ സാഹിത്യലോകത്തേക്ക് ചുവടുവച്ചത്‌. കഷ്ടതയുടെ കയ്‌പേറിയ കാലത്തെ പകർത്തിയെഴുതിയപ്പോൾ ഈ വീട്ടമ്മ സ്വയമൊരു നോവലായി മാറി. മറ്റുപലരെയും പോലെ ഉരുകിത്തീരേണ്ടിയിരുന്ന ജീവിതത്തെ അക്ഷരങ്ങളാൽ വീണ്ടെടുത്തു.ഇന്ന്‌ എഴുത്തുകാരിയെന്ന മേൽവിലാസത്തോടെ തലയുയർത്തി നിൽക്കുകയാണ്‌ അവൾ.

വേദനകളുടേതായിരുന്നു കരുളായി മൈലമ്പാറ സ്വദേശി സൗജത്തിൻറെ പൂർവകാലം. ചെറുപ്രായത്തിൽ പിതാവിനെ നഷ്ടമായി. പട്ടിണി മാറാൻ ഉമ്മയ്‌ക്കൊപ്പം ബീഡി തെറുപ്പിന്‌ പോയി. 18ാം വയസിൽ കല്യാണം. മൂന്ന് മക്കൾ. ബിസിനസ് തകർന്നപ്പോൾ ഭർത്താവ്‌ നാടുവിട്ടു. ജീവിതം കൂടുതൽ അനാഥമായി. ജോലി തേടി 2005ൽ മസ്‌കത്തിലേക്ക്. വിസയിൽ പറഞ്ഞ ജോലിയല്ല കിട്ടിയത്‌.

മൂന്ന്‌ അറബികളുടെ വീടുകളിലെ വേലക്കാരി. ശമ്പളം നാട്ടിലെ 4500 രൂപ. മൂന്ന്‌ വീട്ടുകാരുടെയും ആട്ടും തുപ്പും സഹിച്ചു. അവരുടെ അടിയും ഇടിയും കൊള്ളണം. അർധപട്ടിണി. രാവും പകലും കഠിനമായ ജോലികൾ. ശരീരം തളർന്ന്‌ മരണത്തെ മുഖാമുഖം കണ്ട ദിനങ്ങൾ. അർധരാത്രി കിട്ടിയ വിശ്രമവേളയിൽ ഉറങ്ങിയില്ല. അറബിയുടെ മക്കൾ ഉപേക്ഷിച്ച കടലാസ്‌ തുണ്ടുകളിൽ ആരും കാണാതെ സ്വന്തം അനുഭവങ്ങളെഴുതി. വരാന്തയുടെ പുറത്തെ വെട്ടത്തിലും തെരുവുവിളക്കിന്റെ വെളിച്ചത്തിലുമായിരുന്നു എഴുത്ത്.

രണ്ട്‌ വർഷത്തിനുശേഷം നാട്ടിലേക്ക്‌ മടങ്ങുമ്പോൾ 208 പേജുള്ള ജീവിതകഥയും സൗജത്ത്‌ കൈയിൽ കരുതി. ഒമ്പത്‌ വർഷം ആ കടലാസുതുണ്ടുകൾ നിധിപോലെ സൂക്ഷിച്ചു. 2016ൽ ‘സ്പർശം’ എന്ന പേരിൽ പെരുമ്പാവൂരിലെ യെസ്‌ പ്രസ്‌ ബുക്‌സ്‌ നോവൽ വായനക്കാരിലെത്തിച്ചു. 2019ൽ ‘കാവൽ’ നോവലും പുറത്തിറങ്ങി.എഴുത്തും തയ്യൽ ജോലിയുമായി ജീവിതം കരുപ്പിടിപ്പിച്ചു. മൂന്ന്‌ മക്കളിൽ രണ്ടു പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു. ഇപ്പോൾ പുതിയ പുസ്തകമിറക്കാനുള്ള ശ്രമത്തിലാണ്‌.