Mon. Dec 23rd, 2024

വളാഞ്ചേരി:

വട്ടപ്പാറ വളവിൽ ഇടവിടാതെ അപകടങ്ങൾ ഉണ്ടാകുന്നതിനാൽ ദുരിതം തീരുന്നില്ല. കഴിഞ്ഞ ദിവസവും ഇവിടെ കണ്ടെയ്നർ ലോറി മറിഞ്ഞു 5 മാസത്തിനിടെ നാലാമത്തെ അപകടം. മേൽഭാഗത്തു നിന്ന് നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു.

വളാഞ്ചേരി നഗരസഭാധികൃതർ അടുത്തിടെ ഇവിടെ സിസിടിവി സ്ഥാപിച്ചിരുന്നു. അപകടസൂചന നൽകുന്ന അടയാള ബോർഡുകളും ബ്ലിങ്കർ വിളക്കുകളും സ്ഥാപിച്ചു. പക്ഷേ അപകടങ്ങൾക്ക് അറുതിയൊന്നുമില്ല.

റോഡ് സുരക്ഷാ അതോറിറ്റി കാൽ കോടി രൂപ ചെലവഴിച്ച് പ്രധാന വളവിനോട് ചേർന്നു കോൺക്രീറ്റ് സഹിതമുള്ള സുരക്ഷാഭിത്തി സ്ഥാപിച്ചിരുന്നു. വൈകാതെ നിയന്ത്രണം വിട്ടെത്തിയ ചരക്കുലോറി ഇടിച്ചു ഭിത്തി തകർന്നു. പലതവണ അപകടങ്ങൾ ആവർത്തിച്ചു. 

ഏറ്റവുമൊടുവിൽ ചൊവ്വ രാത്രിയിലും നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഭിത്തി തകർത്ത് താഴെ പറമ്പിലെത്തി. ഓരോ തവണ അപകടങ്ങളുണ്ടാകുമ്പോഴും ഭയപ്പാടിലാകുന്നത് പ്രദേശവാസികളാണ്. പാചകവാതക ടാങ്കർ ലോറികൾ അടക്കമാണ് ഇവിടെ അപകടത്തിൽപെടുന്നത്. 

ഒട്ടേറെ കുടുംബങ്ങൾ ഈ ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. വളവിൽ ഇടക്കിടെയുണ്ടാകുന്ന അപകടങ്ങൾ ഇവരെയും അസ്വസ്ഥരാക്കുന്നുണ്ട്. കഞ്ഞിപ്പുര–മൂടാൽ ബൈപാസ് പണി തുടങ്ങിയിട്ട് കാലം ഏറെയായി. ബൈപാസ് ഗതാഗതയോഗ്യമാക്കിയാൽ വലിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് അതുവഴി പോകാം.