Tue. Sep 17th, 2024

പരപ്പനങ്ങാടി:

മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്നും ആരും ഉപദ്രവിച്ചിട്ടില്ലെന്നും തേഞ്ഞിപ്പാലത്ത് മതംമാറിയ യുവതി.”ബലംപ്രയോഗിച്ച് മതംമാറ്റിയെന്ന പ്രചാരണം യുവതി തള്ളി.പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ മൊഴിയിലാണ് സ്വമേധയാ മതംമാറിയെന്ന് യുവതി അറിയിച്ചത്. ഈ കേസിലെ പരാതിക്കാരനായ ഗില്‍ബർട്ട് യുവതിയുടെ ഭർത്താവല്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റിയെന്ന തേഞ്ഞിപ്പാലം സ്വദേശി ഗില്‍ബർട്ടിന്‍റെ പരാതിയെ തുടർന്നാണ് യുവതിയുടെ മതംമാറ്റം വിവാദമായത്. പരപ്പനങ്ങാടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ യുവതി 164 സ്റ്റേറ്റ്മെന്‍റ് നല്‍കി. സ്വമേധയാ ആണ് മതം മാറിയതെന്നും ആരെങ്കിലും ശാരീരികമോ മാനസികമോ ആയി ഉപദ്രവിച്ചിട്ടില്ലെന്നും യുവതി മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.

13 വയസുകാരനായ മകനും 164 സ്റ്റേറ്റ്മെന്‍റ് നല്‍കിയിട്ടുണ്ട്. താന്‍ മതം മാറിയിട്ടില്ലെന്നും അമ്മയോടൊപ്പം പോയതാണെന്നുമാണ് മകന്‍ മൊഴി നല്‍കിയത്. ഈ മൊഴി പരിഗണിച്ചാണ് പരപ്പനങ്ങാടി കോടതി രണ്ട് പേര്‍ക്കും കോഴിക്കോട്ടേക്ക് പോകാന്‍ അനുമതി നല്‍കിയത്. എന്നാല്‍ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം ആവർത്തിച്ച് ഗില്‍ബർട്ട് ഇന്നലെ ഹൈക്കോടതിയെയും സമീപിച്ചു. ഒരാഴ്ച്ചക്കകം ഹാജരാകണമെന്ന് യുവതിയോടും മകനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പരാതിക്കാരന്‍ ഗില്‍ബർട്ട് യുവതിയെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും ഇയാള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. തന്നെ പാർട്ടി സഹായിച്ചില്ലെന്നാരോപിച്ച് സിപിഎമ്മിനെതിരെ ഗില്‍ബര്‍ട്ട് രംഗത്തെത്തി. ബ്രാഞ്ചംഗമായ ഗില്‍ബർട്ടിനെ സിപിഎം പുറത്താക്കി. ജൂണ്‍ 9 നാണ് യുവതിയെ തട്ടികൊണ്ടുപോയെന്നാരോപിച്ച് ഗില്‍ബർട്ട് പരാതി നല്‍കിയത്.