Mon. Dec 23rd, 2024

രാമനാട്ടുകര:

കോഴിക്കോട്–രാമനാട്ടുകര ദേശീയപാത ബൈപാസിലെ കുഴികൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. അഴിഞ്ഞിലം മുതൽ നിസരിവരെ നിരവധി സ്ഥലങ്ങളിൽ വലുതും ചെറുതുമായ കുഴികളുണ്ട്‌.നിരവധി മരണക്കുഴികൾ മേൽപ്പാലത്തിലേക്ക് കയറുന്നിടത്തും ഇരുഭാഗങ്ങളിലെയും സർവീസ് റോഡിലുമുണ്ട്. കുഴികൾ നാൾക്കുനാൾ വലുതായി അപകടങ്ങൾ പതിവാകുകയാണ്.

മേൽപ്പാലത്തിലൂടെ കുതിച്ചെത്തുന്ന വാഹനങ്ങൾ റോഡിലേക്കിറങ്ങുമ്പോൾ അബദ്ധത്തിൽ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടപ്പെടുന്നു. തിങ്കളാഴ്ച രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടസ്ഥലമായ വടക്കുഭാഗത്ത് ബൈപാസിലേക്ക് പ്രവേശിക്കുന്നിടത്ത് നിത്യവും വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണ്. ഇരുചക്രവാഹനങ്ങളും ഭാരം കുറഞ്ഞ ചെറിയ വാഹനങ്ങളും അപകടത്തിൽപ്പെടാൻ സാധ്യത ഏറെയാണ്.

അറ്റകുറ്റപ്പണി നടത്തുന്നതിൽ ദേശീയ പാത വിഭാഗം അലംഭാവം കാട്ടുകയാണെന്ന ആക്ഷേപം ശക്തമാണ്. കൂടുതൽ അപകടങ്ങൾ രാത്രിയാണ്‌ ഉണ്ടാകുന്നത്. മേൽപ്പാലത്തിനു സമീപത്ത്‌ കുഴികളുള്ളയിടത്ത്‌ ട്രാഫിക് പൊലീസ് സ്റ്റോപ്പറുകൾ സ്ഥാപിച്ചിരിക്കയാണ്.

ഇതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ചൊവ്വാഴ്ച റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെ സംയുക്ത വേദി പ്രതിഷേധ സമരം നടത്തി. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും പരാതിയെ തുടർന്ന് ചൊവ്വാഴ്ച സിറ്റി പൊലീസിലെയും ട്രാഫിക് വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥ സംഘവും സ്ഥലം പരിശോധിച്ചു.