Mon. Dec 23rd, 2024
തളിപ്പറമ്പ്:

 
കിലയ്ക്ക് കീഴിൽ ലോക നിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴിൽ പരിശീലന സ്ഥാപനം തളിപ്പറമ്പിൽ ആരംഭിക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിൻ്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്ഥാപനം കൊണ്ടുവരിക. നിർദ്ദിഷ്ട കില ഇൻസ്റ്റിറ്റ്യൂട്ട് സൈറ്റ് സന്ദർശിച്ച് അന്തർദേശീയ സ്ഥാപനത്തിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ വലിയ അക്കാദമിക് സംരംഭമാണ് തളിപ്പറമ്പിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

1955ൽ ഗ്രാമവികസന പരിശീലന കേന്ദ്രമായി തുടങ്ങിയ കരിമ്പം ഇടിസി കഴിഞ്ഞ ഫെബ്രുവരിയിലാണ് കിലയുടെ ഭാഗമായത്. സംസ്ഥാന സർക്കാർ അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുടെ ആദ്യ ചുവടുവയ്‌പാണ് കില വഴി നടപ്പാക്കുന്നത്. അഭ്യസ്ഥവിദ്യരുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇടിസിയുടെ കീഴിലുണ്ടായിരുന്ന 30 ഏക്കർ ഭൂമിയിലാണ് സ്ഥാപനം കൊണ്ടുവരിക. തറക്കല്ലിടൽ മൂന്നുമാസത്തിനകം മുഖ്യന്ത്രി നിർവഹിക്കും.

ചടങ്ങിൽ കില ഡയറക്ടർ ജനറൽ ഡോ ജോയ് ഇളമൺ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് വി എം സീന എന്നിവർ സംസാരിച്ചു. ഇടിസി പ്രിൻസിപ്പൽ പി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.