ന്യൂഡൽഹി:
ഇന്ത്യയിൽ കൊവിഡ് 19ന്‍റെ രണ്ടാംവ്യാപനത്തിൽ ജനങ്ങൾ വലയുമ്പോൾ നിരവധി രാജ്യങ്ങളും ഭീമൻ കമ്പനികളുമെല്ലാം സഹായവുമായെത്തിയിരുന്നു. അതിൽ പ്രധാനമായിരുന്നു ആഗോള ഭീമൻമാരായ ഗൂഗ്ൾന്റെ സഹായം. ഗൂഗ്ൾ സിഇഒ സുന്ദർ പിച്ചെ ഇന്ത്യക്ക് 135കോടിയുടെ സഹായം നൽകുന്നതായി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
സഹായപ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേർ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അതിലൊരു ട്വീറ്റാണ് ഇപ്പോൾ വൈറൽ. തന്‍റെ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് പരാതി.
‘ഹലോ സർ, എങ്ങനെയുണ്ട്? എന്‍റെ ജിമെയിൽ ഐ ഡിയുടെ പാസ്വേഡ് മറന്നുപോയി പാസ്വേഡ് പുനസ്ഥാപിക്കാൻ സഹായിക്കണം’ എന്നതായിരുന്നു ട്വീറ്റ്. @Madhan67966174 എന്ന ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നയാളുടേതാണ് ആവശ്യം.
പരാതി ഉന്നയിച്ച ട്വീറ്റിൽ ഗൂഗ്ൾ സിഇഒ മറുപടി നൽകിയിട്ടില്ല. തമിഴ്നാട് സ്വദേശിയുടെതാണ് ട്വീറ്റ്. ട്വീറ്റിന് നിരവധി മറുപടികളാണ് ഇതിനോടകം ലഭിച്ചത്. കാര്യപ്രസക്ത കാര്യങ്ങൾ പങ്കുവെക്കുമ്പോൾ ഇത്തരം തമാശകൾ പറയുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.