ദുബൈ:
കൊവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച് ജീവത്യാഗം ചെയ്ത കൊവിഡ് യോദ്ധാക്കളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കുമെന്ന് അധികൃതർ. രാജ്യത്തിന് വേണ്ടി ആത്യന്തികമായി ത്യാഗം ചെയ്ത മുൻനിര യോദ്ധാക്കൾക്ക് പകരം വെക്കാൻ മറ്റൊന്നുമില്ലെന്ന് ഫ്രണ്ട് ലൈൻ ഹീറോസ് ഓഫീസ് ഡയറക്ടർ ജനറൽ ഡോ മഹാ ബറാക്കത്ത് വ്യക്തമാക്കി. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിെൻറ ആരോഗ്യം, ഭവന ആവശ്യങ്ങൾ എന്നിവ രാജ്യത്തിന്റെ ഉത്തരവാദിത്തമായി കാണും.
മഹാമാരി പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകളിൽ തന്നെ 14 മുൻനിര നായകന്മാരെ നഷ്ടപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ സ്ഥാപിതമായ ഫ്രണ്ട്ലൈൻ ഹീറോസ് ഓഫീസ്, കൊവിഡ് പോരാട്ടത്തിനിടെ വീണുപോയ പ്രിയപ്പെട്ടവരുടെ പരിചരണം ഉറപ്പാക്കാനുദ്ദേശിച്ചുള്ളതാണ്. പകർച്ചവ്യാധി സമയത്ത് കൊവിഡ് -19 കൈകാര്യം ചെയ്യുന്നതിന് സംഭാവന നൽകിയ ഏതൊരാളും ഫ്രണ്ട് ലൈൻ വർക്കർ ആണ്.
എമിറേറ്റുകളിലുടനീളം ലക്ഷത്തോളം പ്രധാന ജീവനക്കാരുടെ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ സ്റ്റാഫുകളും ലൈസൻസുള്ള ആരോഗ്യ പരിരക്ഷാ സന്നദ്ധപ്രവർത്തകരും ഉണ്ട്. കൂടാതെ മഹാമാരി സമയത്ത് എമർജൻസി, ക്രൈസിസ് മാനേജ്മെൻറ് ഏകോപനത്തിൽ വാപൃതരായ ആളുകളും ഉണ്ട്, ഇവരുടെയെല്ലാം ക്ഷേമം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും -ഡോ. മഹ ചൂണ്ടിക്കാട്ടി.