മസ്കറ്റ്:
ഇന്ത്യയിൽനിന്നുള്ളവർക്ക് പ്രവേശനവിലക്ക് നിലവിൽവന്നതോടെ മറ്റു രാജ്യങ്ങളിലൂടെ ഒമാനിലെത്തിക്കുന്ന പാക്കേജുമായി ട്രാവൽ ഏജൻസികൾ. ശ്രീലങ്ക, ഖത്തർ, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലൂടെ എത്തിക്കാനുള്ള പക്കേജുകളാണ് ട്രാവൽ ഏജൻസികൾ നൽകുന്നത്. 14 ദിവസം ഹോട്ടലിൽ തങ്ങാനും കൊവിഡ് ടെസ്റ്റ് നടത്തി ഒമാനിലെത്തിക്കുന്ന സൗകര്യമാണ് ഇവർ ഒരുക്കുന്നത്.
എന്നാൽ, നേപ്പാൾവഴി ഇന്ത്യക്കാർ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതിന് വിലക്ക് നിലവിൽവന്നതോടെ ഈ വഴിയുള്ള യാത്ര ഇനി സാധ്യമാകില്ല. നിലവിൽ കാര്യമായി ശ്രീലങ്ക വഴിയുള്ള പക്കേജുകളാണ് നിലവിലുള്ളത്. ശ്രീലങ്കയിൽനിന്ന് ഒമാൻ എയർ, ശ്രീലങ്കൻ എയർ, സലാം എയർ എന്നിവ ഒമാനിലേക്ക് സർവിസുകൾ നടത്തുന്നതും ഇന്ത്യയുമായി അടുത്തുനിൽക്കുന്നതുമാണ് ഈ വഴിക്ക് പ്രചാരണം ലഭിക്കുന്നത്.
ഖത്തർ വിസിറ്റ് വിസ അനുവദിക്കാത്തതാണ് ഖത്തർവഴി യാത്രക്ക് പ്രധാന തടസ്സം. താരതമ്യേന പ്രശ്നങ്ങളില്ലാത്ത ബഹ്റൈൻവഴിയുള്ള പാക്കേജുകളും നൽകാൻ ട്രാവൽ ഏജൻറുകൾക്ക് പദ്ധതിയുണ്ട്.